മുംബൈയില്‍നിന്നു വരികയായിരുന്ന പുത്തന്‍ കാര്‍ കത്തിനശിച്ചു
1561990
Saturday, May 24, 2025 1:39 AM IST
കാസര്‍ഗോഡ്: മുംബൈയില്‍നിന്നു കണ്ണൂരിലേക്ക് പോകുകയായിരുന്ന പുത്തന്‍ കാര്‍ ഓടിക്കൊണ്ടിരിക്കെ തീപിടിച്ച് പൂര്‍ണമായും കത്തിനശിച്ചു. മഹാരാഷ്ട്ര സ്വദേശികളായ കുടുംബാംഗങ്ങള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ 5.30ഓടെ ദേശീയപാതയില്‍ കാസര്‍ഗോഡ് നഗരത്തില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയുള്ള ചെര്‍ക്കള പുലിക്കുണ്ടിലാണ് അപകടമുണ്ടായത്.
ഇക്ബാല്‍ മുഹമ്മദ്കുട്ടി (52), ഭാര്യ റുബീന (42), മക്കളായ നൗഫ് (18), അസീസ (17), ഉമര്‍ (13) എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ച മഹാരാഷ്ട്ര രജിസ്ട്രേഷന് മാരുതി എര്‍ട്ടിഗ കാറിന്റെ ബോണറ്റില്‍ നിന്നും പുക ഉയരുന്നത് കണ്ടപ്പോള്‍ അപകടം മണത്ത കുടുംബാംഗങ്ങള്‍ കാര്‍ നിര്‍ത്തി പുറത്തേക്കോടി. നിമിഷങ്ങള്‍ക്കകം കാറിനു തീപിടിച്ചു.
25,000 രൂപ, 40 ഗ്രാം സ്വര്‍ണം, തിരിച്ചറിയല്‍ കാര്‍ഡുകള്‍, രണ്ടു മൊബൈല്‍ ഫോണുകള്‍, വസ്ത്രങ്ങള്‍, ബാഗുകള്‍, വാഹനത്തിന്റെ ഒറിജിനല്‍ രേഖകള്‍ എന്നിവയും കത്തിനശിച്ചു. 5.50ഓടെ ഫയര്‍ഫോഴ്സെത്തി തീയണച്ചെങ്കിലും അപ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു.
മൂന്നുദിവസം മുമ്പാണ് ഇവര്‍ മഹാരാഷ്ട്ര പനവേലില്നിന്നും റുബീനയുടെ സഹോദരന് കണ്ണൂര്‍ കണ്ണപുരത്ത് താമസിക്കുന്ന സമദ് റൗഫ് ഭോംഗ്ലെയുടെ വീട്ടിലേക്ക് പുറപ്പെട്ടത്. രത്നഗിരി, ഗോവ, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ രാത്രി തങ്ങിയശേഷമായിരുന്നു യാത്ര. ഇന്നലെ യാത്ര ആരംഭിച്ച് 10 മിനിറ്റിനുള്ളില്‍ അപകടമുണ്ടായി. നവിമുംബൈയില്‍ ബിസിനസുകാരനായ ഇക്ബാല്‍ 52 ദിവസം മുമ്പാണ് ഈ സിഎന്‍ജി മോഡല്‍ കാര്‍ വാങ്ങിയത്.