പയ്യന്നൂര്‍ കോളജില്‍ സംഘര്‍ഷം
1593047
Saturday, September 20, 2025 1:04 AM IST
പയ്യന്നൂര്‍: പയ്യന്നൂര്‍ കോളജിലുണ്ടായ സംഘര്‍ഷത്തില്‍ കെഎസ്യു-എസ്എഫ്ഐ നേതാക്കള്‍ക്ക് പരിക്ക്. കെഎസ്യു യൂണിറ്റ് പ്രസിഡന്റും രണ്ടാംവര്‍ഷ മലയാളം ബിരുദ വിദ്യാര്‍ഥിയുമായ ചാള്‍സ് സണ്ണി (26), രണ്ടാംവര്‍ഷ ഹിസ്റ്ററി വിദ്യാര്‍ഥിയും എസ്എഫ്ഐ പയ്യന്നൂര്‍ യൂണിറ്റ് പ്രസിഡന്റും ഏരിയാ കമ്മിറ്റി അംഗവുമായ എം. ഹഫാം (19) എന്നിവർക്കാണു പരിക്കേറ്റത്. ചാൾസ് സണ്ണിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആന്തരിക രക്തസ്രാവമുണ്ട്.
ഇന്നലെ ഉച്ചയോടെ കോളജ് കാന്റീന് പരിസരത്തു കൂടി ക്ലാസിലേക്കു പോവുകയായിരുന്ന ചാള്‍സിനെ അകാരണമായി തലയ്ക്കും നെഞ്ചിനും ആക്രമിച്ചതായാണു പരാതി. എസ്എഫ്ഐ ഏരിയാ ജോയിന്റ് സെക്രട്ടറി അശ്വിനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്നാണു പരാതി. ആക്രമണത്തില്‍ പരിക്കേറ്റ ചാള്‍സിനെ പയ്യന്നൂര്‍ പ്രിയദര്‍ശിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ മാസം മാതമംഗലത്തുനിന്നും സിഐടിയുക്കാരുടെ നേതൃത്വത്തില്‍ ആക്രമിക്കപ്പെട്ട ചാള്‍സ് സണ്ണി ആഴ്ചകള്‍ നീണ്ട ആയുര്‍വേദ ചികിത്സയിലായിരുന്നു. ചികിത്സ കഴിഞ്ഞ് കോളജിലെത്തിയപ്പോഴാണ് വീണ്ടും ആക്രമണമുണ്ടായത്.
അതേസമയം ആക്രമണത്തിൽ പരിക്കേറ്റ ഹഹാം പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ചാള്‍സ് സണ്ണിയുടെ നേതൃത്വത്തില്‍ കാമ്പസില്‍ കടന്നുകയറിയ പത്തോളം പേരടങ്ങുന്ന സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്നാണ് ഹഫാമിന്റെ പരാതി.
കാട്ടുകുറുക്കന്മാരുടെ
സംഘമായി എസ്എഫ്ഐ
അധഃപതിച്ചു: എം.സി. അതുല്‍
പയ്യന്നൂര്‍: വീണുകിടക്കുന്നവരെ പോലും കടിച്ചുകീറുന്ന കാട്ടുകുറുക്കന്മാരുടെ സംഘമായി എസ്എഫ്ഐ അധപതിച്ചെന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍. കെഎസ്യു പയ്യന്നൂര്‍ കോളജ് യൂണിറ്റ് പ്രസിഡന്റ് ചാള്‍സ് സണ്ണിയെ കാമ്പസില്‍ അതിക്രമിച്ചുകയറി എസ്എഫ്ഐ ഏരിയാ ജോയിന്റ് സെക്രട്ടറി അശ്വിന്റെ നേതൃത്വത്തില്‍ ക്രൂരമായി ആക്രമിച്ചത് പ്രതിഷേധാര്‍ഹമാണ്.
കാമ്പസില്‍ പഠിക്കാനുള്ള അവകാശങ്ങള്‍ പോലും ഇല്ലാതെയാക്കുന്ന മനുഷ്യത്വ ഹീനമായ നടപടികള്‍ എസ്എഫ്ഐ ക്രിമിനല്‍ സംഘമായി അധപതിച്ചതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.