കാസര്‍ഗോഡ് ഗവ.മെഡിക്കല്‍ കോളജില്‍ അടുത്തയാഴ്ച മുതല്‍ വിദ്യാര്‍ഥികള്‍ എത്തും
1593055
Saturday, September 20, 2025 1:04 AM IST
കാസര്‍ഗോഡ്: ഗവ. മെഡിക്കല്‍ കോളജിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്ന് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. കോളജില്‍ 50 എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം പ്രവേശനം ലഭിക്കും. വിദ്യാര്‍ഥികള്‍ 22 മുതല്‍ എത്തി തുടങ്ങും. മെഡിക്കല്‍ കോളജ് പ്രവര്‍ത്തനമാരംഭിക്കുന്നതിന്റെ ഭാഗമായി ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നു.
ഉക്കിനടുക്കയിലെ ഗവ. മെഡിക്കല്‍ കോളജില്‍ പഠനം നടത്തുന്നതിനായുള്ള ക്ലാസ് മുറികള്‍ സജ്ജമാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ചെര്‍ക്കളയില്‍ താത്കാലികമായി ഹോസ്റ്റല്‍ സൗകര്യം ഒരുക്കും.
വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണസൗകര്യം ഒരുക്കാനും മെഡിക്കല്‍ കോളജില്‍ മിനി കഫെറ്റേരിയ ആരംഭിക്കാനും കുടുംബശ്രീമിഷന് നിര്‍ദേശം നല്കി. കാമ്പസിനകത്ത് വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ഇലക്ട്രിഫിക്കേഷന് പ്രവൃത്തി കൂടി പൂര്‍ത്തിയാകുന്നത് വരെയാണ് താത്കാലിക ഹോസ്റ്റല്‍ സംവിധാനം ഉപയോഗിക്കുക.
കാമ്പസില്‍ പോലീസ് എയ്ഡ്പോസ്റ്റ് ഉറപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി ബി.വി. വിജയ്ഭാരത് റെഡ്ഡി യോഗത്തില്‍ അറിയിച്ചു. വിവിധ പഠന വകുപ്പുകളുടെ ലാബ് സംവിധാനങ്ങള്‍ നവംബര്‍ മാസത്തോടെ പൂര്‍ത്തിയാക്കുമെന്ന് കെഎംഎസ്സിഎല് പ്രതിനിധി അറിയിച്ചു.
ജനപ്രതിനിധികളുടെ ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ്, മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കും. ചെര്‍ക്കള മുതല്‍ ഉക്കിനടുക്കവരെയുള്ള റോഡ് നവീകരിക്കാന്‍ കെആര്‍എഫ്ബിക്ക് നിര്‍ദേശം നല്കി. എസ്ബിഐ, കാനറ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് വിവിധ സൗകര്യങ്ങള്‍ സ്പോണ്സര് ചെയ്യാന്‍ തയ്യാറായി മുന്നോട്ട് വന്നു. മെഡിക്കല്‍ കോളജിലെ വൈദ്യുതി പ്രശ്നം പരിഹരിക്കുന്നതിന് കെഎസ്ഇബിക്ക് നിര്‍ദേശം നല്കി.
ജില്ലാകളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ.കെ.വി. വിശ്വനാഥന് ഓണ്‍ലൈനായി പങ്കെടുത്തു. മെഡിക്കല്‍ കോളജിലേക്കുള്ള യാത്രാസൗകര്യം ഉറപ്പാക്കേണ്ടതുണ്ടെന്നും വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും യാത്രാസൗകര്യവും താമസവും പ്രത്യേകം പരിഗണിക്കേണ്ടതുണ്ടെന്നും മെഡിക്കല്‍ കോളജിലെ സുരക്ഷാ സംവിധാനം ഉറപ്പാക്കണമെന്നും ഡയറക്ടര്‍ പറഞ്ഞു.
ഡിഎംഇ സ്പെഷല്‍ ഓഫീസര്‍ ഡോ. പ്രേമലത, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.പി.എസ്. ഇന്ദു, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. പ്രവീണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ.ടി.ജി. സിന്ധു, പിടിഎ സെക്രട്ടറി ഡോ. ശാലിനി കൃഷ്ണന്, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ ഷൈനി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്. രാജേഷ്, ജില്ലാ നിര്‍മിതികേന്ദ്രം ജനറല്‍ മാനേജര്‍ ഇ.പി. രാജ്മോഹന്‍, കിറ്റ്കോ പ്രതിനിധി ടോം ജോസ്, കുടുംബശ്രീമിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രതീഷ് എന്നിവര്‍ പങ്കെടുത്തു.
ഗതാഗത സൗകര്യവും മാലിന്യ നിര്‍മാര്‍ജനവും
മെഡിക്കല്‍ കോളജിലേക്കും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡ് വരെയുള്ള പൊതു ഗതാഗതസൗകര്യം വിലയിരുത്തി കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് ആര്‍ടിഒയെ ചുമതലപ്പെടുത്തി.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ബദിയഡുക്ക പഞ്ചായത്തിലെ രണ്ടു ഹരിതകര്‍മസേനാംഗങ്ങളെ മാലിന്യനിര്‍മാര്‍ജനത്തിന് സ്ഥിരമായി മെഡിക്കല്‍ കോളേജിലേക്ക് ചുമതലപ്പെടുത്തും.
കാമ്പസില്‍ മിനി എംസിഎഫ്, വേസ്റ്റ് ബിന്നുകള്‍, തുമ്പൂര്‍മുഴി മാതൃക മാലിന്യനിര്‍മാര്‍ജന സംവിധാനം തുടങ്ങിയ സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്കും ശുചിത്വമിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്കും നിര്‍ദേശം നല്കി.