കാസർഗോഡിന് എയിംസ് അനുവദിക്കണം; പതിനായിരം പേർ ഒപ്പിട്ട നിവേദനവുമായി രാജപുരം സെന്റ് പയസ് ടെൻത് കോളജ്
1593050
Saturday, September 20, 2025 1:04 AM IST
രാജപുരം: കാസർഗോഡ് ജില്ലയ്ക്കുതന്നെ എയിംസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പതിനായിരം പേർ ഒപ്പിട്ട നിവേദനവുമായി രാജപുരം സെന്റ് പയസ് ടെൻത് കോളജിലെ എൻഎസ്എസ് വോളണ്ടിയർമാർ. പ്രധാനമന്ത്രി, കേന്ദ്ര ആരോഗ്യമന്ത്രി, സംസ്ഥാന മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എന്നിവർക്കാണ് തപാൽ മാർഗം ഭീമഹർജി സമർപ്പിച്ചത്.
പ്രിൻസിപ്പൽ ഡോ. ബിജു ജോസഫ്, പ്രോഗ്രാം ഓഫീസർമാരായ അതുല്യ കുര്യാക്കോസ്, ഡോ. അഖിൽ തോമസ്, സെക്രട്ടറിമാരായ ദർശൻ ബാലൻ, പി.വി. ഋഷികേശ്, മുഹമ്മദ് റസീൻ, ടി.കെ. ഗോപിക, എൻ.എ. അനുശ്രീ, എം. അഭിനവ്, എം. പ്രണവ്, എം. കൃഷ്ണേന്ദു എന്നിവർ നേതൃത്വം നൽകി. എൻഎസ്എസ് വോളണ്ടിയർ സെക്രട്ടറിയും മൂന്നാംവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിനിയുമായ എം. കൃഷ്ണേന്ദുവിന്റെ പേരിലാണ് നിവേദനം സമർപ്പിച്ചത്.
കാസർഗോഡിനോടുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ കാലങ്ങളായുള്ള അവഗണന അവസാനിപ്പിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. കാസർഗോഡിന്റെ പിന്നോക്കാവസ്ഥ സമാനതകളില്ലാത്തതാണ്. എൻഡോസൾഫാൻ ദുരിതബാധിതർക്കുപോലും ആവശ്യമായ ചികിത്സാ സൗകര്യങ്ങളില്ല. മൾട്ടി-സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങളോടുകൂടിയ ആശുപത്രികളില്ലാത്ത കേരളത്തിലെ ഏക ജില്ലയാണ് കാസർഗോഡ്. എയിംസ് സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്ന കോഴിക്കോട് ജില്ലയിൽ പത്തിലധികം മൾട്ടി-സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളുണ്ട്. കേരളത്തിലെ ഏറ്റവും മികച്ച സർക്കാർ മെഡിക്കൽ കോളേജും കോഴിക്കോട് ജില്ലയിലാണ്.
ശിക്ഷാനടപടികളുടെ ഭാഗമായി മറ്റു ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ കാസർഗോട്ടേക്ക് സ്ഥലംമാറ്റുന്നത് ഈ ജില്ലയിലുള്ളവരെ അപമാനിക്കുന്നതിന് തുല്യമാണ്. പിന്നോക്കാവസ്ഥയിലുള്ള ജില്ലകളിലെ കോളജുകൾക്ക് അഞ്ചു കോടി രൂപ അനുവദിക്കുന്ന കേന്ദ്ര സർക്കാരിന്റെ പിഎം ഉഷ റൂസ മൂന്ന് പദ്ധതിയിൽ നിന്നും കാസർഗോഡ് ജില്ലയെ ഒഴിവാക്കിയതും ജില്ലയോട് കാണിക്കുന്ന അവഗണനയുടെ ഉദാഹരണമാണെന്ന് പ്രിൻസിപ്പൽ ഡോ. ബിജു ജോസഫ് പറഞ്ഞു.