മുളിയാർ എബിസി കേന്ദ്രത്തിന്റെ പ്രവർത്തനം സ്തംഭനാവസ്ഥയിലേക്ക്
1593054
Saturday, September 20, 2025 1:04 AM IST
ബോവിക്കാനം: തെരുവുനായ്ക്കളുടെ പ്രജനനകാലം തുടങ്ങുമ്പോഴേക്കും ജില്ലയിലെ ഏക എബിസി കേന്ദ്രത്തിന്റെ പ്രവർത്തനം സ്തംഭനാവസ്ഥയിലേക്ക്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടികൂടി ഇവിടെ വന്ധ്യംകരണത്തിനായി എത്തിക്കുന്ന നായ്ക്കളുടെ ശബ്ദവും ദുർഗന്ധവും സാധാരണ ജനജീവിതത്തെ ബാധിക്കുന്നതായി കാണിച്ച് പരിസരവാസികൾ പരാതി നൽകിയതാണ് മുളിയാറിലെ എബിസി കേന്ദ്രത്തിന് പുതിയ പ്രതിസന്ധിയായത്.
ഇതോടെ കേന്ദ്രത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവയ്ക്കാനാണ് മുളിയാർ പഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും നീക്കം. ശസ്ത്രക്രിയയ്ക്കു മുമ്പും ശേഷവും തെരുവുനായ്ക്കളെ പാർപ്പിക്കാനുള്ള ഷെൽട്ടറുകൾ ജനവാസമില്ലാത്ത ഏതെങ്കിലും പ്രദേശത്തേക്ക് മാറ്റണമെന്നാണ് നിർദേശം.
ഇതിനായി മറ്റൊരു സ്ഥലം കണ്ടെത്തണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് കത്തു നൽകാനും മുളിയാർ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 1.56 കോടി രൂപ ചെലവിലാണ് കേന്ദ്രം സ്ഥാപിച്ചത്. കഴിഞ്ഞ മേയ് 19 ന് ഉദ്ഘാടനം നടന്നെങ്കിലും കേന്ദ്ര മൃഗക്ഷേമ ബോർഡിന്റെ അംഗീകാരം കിട്ടാൻ പിന്നെയും മൂന്നുമാസം കാത്തിരിക്കേണ്ടിവന്നു. ഇതിനുശേഷം ഓഗസ്റ്റ് 25 മുതലാണ് കേന്ദ്രം പ്രവർത്തനമാരംഭിച്ചത്. ഇതിനകം 115 തെരുവുനായ്ക്കളെയാണ് ഇവിടെ വന്ധ്യംകരണത്തിന് വിധേയമാക്കിയത്.
പുല്ലൂർ-പെരിയ, മടിക്കൈ, മധൂർ പഞ്ചായത്തുകളിൽ നിന്നും ആതിഥേയ പഞ്ചായത്തായ മുളിയാറിൽ നിന്നുമാണ് ഇതുവരെ ഇവിടെ നായ്ക്കളെ എത്തിച്ചത്. ഇപ്പോൾ 71 നായ്ക്കൾ ശസ്ത്രക്രിയ കാത്ത് കഴിയുന്നുണ്ട്. ഇതിനുശേഷം തത്കാലം നായ്ക്കളെ പിടികൂടി ഇവിടെ കൊണ്ടുവരുന്നത് നിർത്തിവയ്ക്കാനാണ് മുളിയാർ പഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും നീക്കം.
നായ്ക്കളുടെ പ്രജനനകാലം തുടങ്ങിയ സാഹചര്യത്തിൽ കഴിവതുംവേഗത്തിൽ പരമാവധി എണ്ണം നായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കാൻ വിവിധ പഞ്ചായത്തുകൾ നീക്കം തുടങ്ങുന്നതിനിടെയാണ് എബിസി കേന്ദ്രത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുന്നത്.
പൊതുവേ ജനവാസകേന്ദ്രങ്ങളിൽ നിന്ന് പരമാവധി ദൂരത്തിലാണ് ഇത്തരത്തിലുള്ള കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. ഇത്രയധികം തെരുവുനായ്ക്കളെ ഇവിടെ കൊണ്ടുവന്ന് ദിവസങ്ങളോളം കൂട്ടിലടച്ച് പാർപ്പിക്കുമെന്ന കാര്യം പ്രദേശവാസികളിൽ നിന്ന് മറച്ചുവച്ചാണ് ഇവിടെ കേന്ദ്രം സ്ഥാപിച്ചതെന്നാണ് നാട്ടുകരുടെ ആക്ഷേപം.
ജില്ലയിൽ നേരത്തേ കാസർഗോട്ടും തൃക്കരിപ്പൂരിലും എബിസി കേന്ദ്രങ്ങളുണ്ടായിരുന്നെങ്കിലും മതിയായ സൗകര്യങ്ങളില്ലാത്തതുമൂലം അവ അടച്ചുപൂട്ടുകയായിരുന്നു. ഇതിനുശേഷമാണ് ആധുനികസൗകര്യങ്ങളോടെയുള്ള പുതിയ കേന്ദ്രം മുളിയാറിൽ സ്ഥാപിക്കാനുള്ള നീക്കം തുടങ്ങിയത്.