കടലിൽനിന്ന് കരയിക്കടിഞ്ഞ മാലിന്യം തീരദേശത്തിന് ദുരിതമാകുന്നു
1593052
Saturday, September 20, 2025 1:04 AM IST
ഉദുമ: കടലേറ്റം കഴിഞ്ഞ് പൂർവസ്ഥിതിയിലേക്കു മടങ്ങിയ കടൽ തീരദേശത്തിന് തിരികെ തന്നത് മാലിന്യക്കൂമ്പാരം. മറ്റു സ്ഥലങ്ങളിലുള്ളവർ തോടുകളിലും പുഴകളിലും വലിച്ചെറിയുന്ന മാലിന്യങ്ങളാണ് കടൽ തീരദേശങ്ങളിലേക്ക് തള്ളുന്നത്.
വെള്ളക്കുപ്പികൾ, ടിന്നുകൾ, ചെരുപ്പുകൾ, പ്ലാസ്റ്റിക്കുകൾ എന്നുതുടങ്ങി മരക്കൊമ്പുകൾ വരെ ഇതിലുണ്ട്. ഉദുമ പടിഞ്ഞാർ, കാപ്പിൽ, കൊപ്പൽ, ജന്മ കടപ്പുറങ്ങളിലെല്ലാം ഇപ്പോൾ മാലിന്യം നിറഞ്ഞ നിലയിലാണ്.
തൊട്ടടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്നവർക്കും ഇത് മനം മടുപ്പിക്കുന്ന കാഴ്ചയാകുന്നു.
മാലിന്യം കുമിഞ്ഞുകൂടുമ്പോൾ ഇവ കടിച്ചുവലിക്കാനെത്തുന്ന തെരുവുനായ്ക്കളും ഭീഷണിയാകുന്നു.
ഹരിതകർമ സേനയുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെ തീരം ശുചീകരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ പഞ്ചായത്ത് അധികൃതർ.