ഷിൻസിന് ജന്മനാടിന്റെ വികാരഭരിതമായ യാത്രാമൊഴി
1593051
Saturday, September 20, 2025 1:04 AM IST
മണ്ഡപം: രാജസ്ഥാനിൽ ബൈക്കപകടത്തിൽ മരിച്ച ബിഎസ്എഫ് ജവാനും മുൻ എസ്പിജി അംഗവുമായ ഷിൻസ് തലച്ചിറയ്ക്ക് ജന്മനാടിന്റെ വികാരഭരിതമായ യാത്രാമൊഴി. സൈനിക നടപടിക്രമങ്ങൾക്കുശേഷം വ്യാഴാഴ്ച രാത്രി മംഗളൂരു വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഇന്നലെ പുലർച്ചെയോടെയാണ് ഉദയഗിരി മണക്കടവിലുള്ള വീട്ടിലെത്തിച്ചത്.
നാടിന്റെ അഭിമാനമുയർത്തിയ ധീരസൈനികന് ആദരാഞ്ജലികളർപ്പിക്കാൻ അതിരാവിലെ തന്നെ നിരവധി പേരെത്തിയിരുന്നു. തുടർന്ന് സംസ്കാര ശുശ്രൂഷകൾ ആരംഭിച്ച് ജന്മനാടായ മണ്ഡപത്തേക്ക് കൊണ്ടുവന്നു. മണ്ഡപം സെന്റ് ജോസഫ് പാരിഷ് ഹാളിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിച്ചു.
രാജ്മോഹൻ ഉണ്ണിത്താൻ എംപി, വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ, ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ, ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസ്, തഹസിൽദാർ പി.വി. മുരളി എന്നിവരും സാമൂഹ്യ, രാഷ്ട്രീയ മേഖലകളിൽ നിന്നുള്ള നിരവധി പേരും ആദരാഞ്ജലികൾ അർപ്പിച്ചു.ബന്ധുക്കളും നാട്ടുകാരുമടങ്ങുന്ന വിപുലമായ സുഹൃദ് വലയവും പ്രിയ സുഹൃത്തിന് വിട നൽകാനെത്തി.
തോമാപുരം ഫൊറോന വികാരി റവ.ഡോ. മാണി മേൽവട്ടം, മണ്ഡപം പള്ളി വികാരി ഫാ. വർഗീസ് ചെരിയംപുറത്ത്, മുൻ വികാരി ഫാ. തോമസ് കീഴാരത്തിൽ എന്നിവരുടെ നേതൃത്വത്തിൽ സംസ്കാരച്ചടങ്ങുകൾ നടന്നു.
ബിഎസ്എഫ് ഇൻസ്പെക്ടർ പ്രേം, സബ് ഇൻസ്പെക്ടർ ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണറിനും മറ്റു സൈനിക ബഹുമതികൾക്കും ശേഷം കുടുംബ കല്ലറയിൽ സംസ്കരിച്ചു. തുടർന്ന് അനുശോചനയോഗവും ചേർന്നു.