മലയോര ഹൈവേ നിർമാണം വേഗത്തിലാക്കാൻ ഉന്നതതല യോഗം വിളിക്കുമെന്ന് മന്ത്രി
1593049
Saturday, September 20, 2025 1:04 AM IST
വെള്ളരിക്കുണ്ട്: വനഭൂമി വിട്ടുകിട്ടിയിട്ട് രണ്ടുവർഷത്തിലേറെയായിട്ടും നിർമാണപ്രവൃത്തികൾ തുടങ്ങാത്ത മലയോര ഹൈവേയുടെ കോളിച്ചാൽ-ചെറുപുഴ റീച്ചിൽ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഉന്നതതല യോഗം വിളിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. എം. രാജഗോപാലൻ എംഎൽഎയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തെത്തിയ നിവേദക സംഘത്തിനാണ് മന്ത്രി ഉറപ്പുനൽകിയത്.
മരുതോം, കാറ്റാംകവല ഭാഗങ്ങളിലായി മുന്നു കിലോമീറ്ററോളം ദൂരത്തിലാണ് ഇവിടെ മലയോരഹൈവേയുടെ നിർമാണം പൂർത്തിയാകാനുള്ളത്. ഇവിടെ നേരത്തേയുണ്ടായിരുന്ന റോഡ് അതേ വീതിയിൽ 1.25 കോടി രൂപ ചെലവഴിച്ച് കോൺക്രീറ്റ് ചെയ്തതു മാത്രമാണ് ഇതുവരെയുണ്ടായിട്ടുള്ള വികസനം.
വനംവകുപ്പിൽനിന്ന് 12 മീറ്റർ വീതിയിൽ ഭൂമി വിട്ടുകിട്ടുകയും പൊതുമരാമത്ത് വകുപ്പ് പദ്ധതി റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തിട്ടും തുടർനടപടികൾ വൈകുകയാണെന്ന് നിവേദകസംഘം ചൂണ്ടിക്കാട്ടി. സിപിഎം നേതാക്കളായ സാബു ഏബ്രഹാം, കെ. ദിനേശൻ, കെ.ഡി. മോഹനൻ, ജോജോ എന്നിവരും സംബന്ധിച്ചു.
നീലേശ്വരം-എടത്തോട് റോഡ്: മന്ത്രിയുടെ
പ്രസ്താവന കബളിപ്പിക്കലെന്ന് യൂത്ത് കോൺഗ്രസ്
പരപ്പ: എടത്തോട്-നീലേശ്വരം റോഡ് നവീകരണവുമായി ബന്ധപ്പെട്ട് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയിൽ നടത്തിയ പ്രസ്താവന കബളിപ്പിക്കലാണെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും വരാനിരിക്കേ ഇനിയുള്ള ചുരുങ്ങിയ സമയത്തിനകം കരാറുകാരനെ മാറ്റി നിർമാണം പൂർത്തിയാക്കാനാകില്ലെന്ന കാര്യം ഉറപ്പാണ്. തെരഞ്ഞെടുപ്പുകാലത്ത് പ്രതിഷേധം ഒഴിവാക്കാൻ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണ് മന്ത്രിയും എംഎൽഎയും നടത്തുന്നതെന്ന് യോഗം ആരോപിച്ചു.
വിഷ്ണുപ്രകാശ് അധ്യക്ഷത വഹിച്ചു. രൂപേഷ് കുവാറ്റി, ഷമീം പുലിയംകുളം, കൃപേഷ് കാറളം, ഹരിശങ്കർ കോളംകുളം എന്നിവർ സംസാരിച്ചു.