പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തില്ല; രാജപുരം-ബളാൽ റോഡിന് 20 ലക്ഷം അനുവദിച്ച് ജില്ലാ പഞ്ചായത്ത്
1593048
Saturday, September 20, 2025 1:04 AM IST
രാജപുരം: രണ്ടു പഞ്ചായത്തുകൾ ആവശ്യപ്പെട്ടിട്ടും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കാതിരുന്നതോടെ ടാറിംഗ് ഇളകി കുണ്ടും കുഴിയുമായ രാജപുരം-ബളാൽ റോഡിന്റെ അടിയന്തിര അറ്റകുറ്റപണികൾക്ക് 20 ലക്ഷം രൂപ അനുവദിച്ച് ജില്ലാ പഞ്ചായത്ത്. പ്രവൃത്തികളുടെ ടെൻഡർ നടപടികൾ ആരംഭിച്ചതായും എത്രയും പെട്ടെന്ന് പണി തുടങ്ങുമെന്നും ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ അറിയിച്ചു.
പനത്തടി, കള്ളാർ പഞ്ചായത്തുകളിൽ നിന്ന് താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിലെത്താനുള്ള എളുപ്പമാർഗമായ റോഡ് മെക്കാഡം ടാറിംഗ് നടത്തി നവീകരിക്കുമെന്ന് നേരത്തേ ജില്ലാ പഞ്ചായത്ത് ഉറപ്പുനൽകിയിരുന്നതാണ്. എന്നാൽ ഈ റോഡിനെ ജില്ലാ പഞ്ചായത്തിന്റെ കീഴിൽ നിന്നുമാറ്റി പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്നായിരുന്നു കള്ളാർ, ബളാൽ പഞ്ചായത്തുകളുടെയും പ്രാദേശികമായി രൂപീകരിച്ച റോഡ് വികസനസമിതിയുടെയും നിലപാട്.
ഈ ആവശ്യമുന്നയിച്ച് രണ്ട് പഞ്ചായത്തുകളും പ്രമേയം പാസാക്കി സർക്കാരിലേക്ക് സമർപ്പിക്കുകയും ചെയ്തു. ഇതോടെ ജില്ലാ പഞ്ചായത്തിന് ഈ റോഡിനുവേണ്ടി പണം ചെലവഴിക്കാൻ സാങ്കേതിക തടസങ്ങൾ വന്നു. മഴക്കാലത്ത് മണ്ണിടിഞ്ഞുവീണ് ഏതാനും വീടുകൾ അപകടാവസ്ഥയിലായപ്പോൾ പാർശ്വഭിത്തി കെട്ടി സംരക്ഷിക്കാൻ പണം വകയിരുത്തിയതുപോലും വിവാദമാവുകയും ചെയ്തു.
പണമനുവദിച്ച് ടെൻഡർ നടപടികൾ വരെയെത്തിയ പാലം പണി പോലും സ്തംഭിച്ചു. എന്നാൽ മാസങ്ങളും വർഷങ്ങളും കഴിഞ്ഞിട്ടും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്ന കാര്യത്തിൽ തീരുമാനമൊന്നും ആകാതിരുന്നതോടെയാണ് അറ്റകുറ്റപണികൾ പോലും നടത്താതെ റോഡ് കുണ്ടും കുഴിയുമായത്.
ഇനിയും കാത്തിരിക്കാനാകില്ലെന്ന അവസ്ഥയിലാണ് റോഡിന്റെ അറ്റകുറ്റപണികൾക്ക് ജില്ലാ പഞ്ചായത്ത് വീണ്ടും പണം വകയിരുത്തിയതെന്ന് ഷിനോജ് ചാക്കോ പറഞ്ഞു.