ക്യുഎസ്എസ് നീലിമ ഫ്ലാറ്റ് സമുച്ചയം ഉദ്ഘാടനം
1225640
Wednesday, September 28, 2022 11:00 PM IST
കൊല്ലം: ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ക്യുഎസ്എസ് നീലിമ ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് പള്ളിത്തോട്ടം ഫ്ലാറ്റ് സമുച്ചയ അങ്കണത്തിൽ നടക്കും. എം.മുകേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മന്തി വി.അബ്ദുറഹിമാൻ ഉദ്ഘാടനം നിർവഹിക്കും.
മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജെ. ചിഞ്ചു റാണി, എൻ.കെ. പ്രേമചന്ദ്രൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.ജില്ലാ കളക്ടർ അഫ്സാന പർവീൺ, മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, മത്സ്യഫെഡ് ചെയർമാൻ റ്റി. മനോഹരൻ, പി.ഐ.ഷേക് പരീത്, ഡോ. അദീല അബ്ദുള്ള, എൻ.എസ്. ശ്രീലു, എൻ. ടോമി, എച്ച്. ബേസിലാൽ, എസ്. സ്റ്റീഫൻ തുടങ്ങിയവർ പ്രസംഗിക്കും.
ക്യുഎസ്എസ് കോളനി ഫ്ലാറ്റ് സമുച്ചയം 35 വർഷത്തിലധികം പഴക്കമുള്ളതും അപകടാവസ്ഥയിലുമായിരുന്നു. ഇവിടെ 114 മത്സ്യ തൊഴിലാളി കുടുംബങ്ങളാണ് താമസിച്ചിരുന്നത്.
ഈ കെട്ടിടങ്ങളുടെ നവീകരണം അത്യന്താപേക്ഷിതമായതിനാലാണ് പ്രത്യേക പരിഗണന നൽകി പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
2018 ജൂൺ 28 - ന് അന്നത്തെ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടറുടെ ചേംബറിൽ കൂടിയ യോഗത്തിൽ ഈ ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാരായ 179 കുടുംബങ്ങളിൽ 114 കുടുംബങ്ങൾക്ക് ഫിഷറീസ് വകുപ്പ് മുഖാന്തിരവും 65 കുടുംബങ്ങൾക്ക് കൊല്ലം കോർപ്പറേഷൻ മുഖാന്തിരവും ഫ്ലാറ്റ് പണിത് നൽകാൻ തീരുമാനിക്കുകയായിരുന്നു.
2020 - ൽ ആണ് സംസ്ഥാന തീരദേശ വികസന കോർപ്പറേഷന്റെ മേൽനോട്ടത്തിൽ ഫ്ലാറ്റ് നിർമാണം ആരംഭിച്ചത്. മൂന്ന് ഘട്ടങ്ങളിലായി 11 ബ്ലോക്കുകളിലാണ് ഫിഷറീസ് വകുപ്പിന്റെ ധന സഹായത്തോടെ ഫ്ലാറ്റ് നിർമാണം പൂർത്തീകരിച്ചതെന്ന് എം.മുകേഷ് എംഎൽഎയും മേയർ പ്രസന്ന ഏണസ്റ്റും പറഞ്ഞു.
114 ഫ്ലാറ്റുകൾ നിർമിക്കുന്നതിന് 11.40 കോടി രൂപയും കൂടാതെ വൈദ്യുതി, കുടിവെള്ളം, ചുറ്റുമതിൽ, ഇന്റർലോക്ക് , ഡ്രെയിനേജ് തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കുന്നതിന് 2.11 കോടി രൂപയും ഉൾപ്പെടെ 13.51 കോടി രൂപ ചെലവഴിച്ചാണ് ഫ്ലാറ്റ് നിർമാണം പൂർത്തീകരിച്ചിട്ടുള്ളത്.
480 സ്ക്വയർ വിസ്തൃതിയിൽ കിച്ചൺ, രണ്ട് കിടപ്പുമുറി, ഹാൾ, ബാത്ത് റൂം സൗകര്യങ്ങളാണ് ഫ്ലാറ്റിൽ ഉള്ളത്. കൂടാതെ നാല് എൽഇഡി ബൾബുകൾ, മൂന്ന് സീലിംഗ് ഫാൻ, കോളിംഗ് ബെൽ തുടങ്ങിയ ഇലക്ടിക് ഫിറ്റിംഗ്സുകളും വാഷ് ബേസിൻ, കിച്ചൺ സിങ്ക്, മൂന്ന് ടാപ്പ്, മോട്ടോർ, ഷവർ, ടവൽ സ്റ്റാന്റ്, 500 ലിറ്ററിന്റെ രണ്ട് ടാങ്കുകൾ ഉൾപ്പെടെ ഓരോ കുടുംബത്തിനും അനുബന്ധ സൗകര്യങ്ങൾ ഉൾപ്പെടുത്തിയ പൂർണമായും വൈദ്യുതീകരിച്ചതും കുടിവെള്ള സൗകര്യം, ശൗചാലയ സൗകര്യം എന്നിവ ഉറപ്പ് വരുത്തിയതുമായ ഉടൻ താമസിക്കാൻ കഴിയുന്ന ഫ്ലാറ്റുകളാണ് ഗുണഭോക്താക്കൾക്ക് കൈമാറുന്നത്. നിലവിൽ ക്യുഎസ്എസ് കോളനിയിൽ താമസിച്ചിരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെയാണ് ഫ്ലാറ്റിന്റെ ഗുണഭോക്താക്കളായി പരിഗണിച്ചത്.