വാട്ടർ മെട്രോ: കൊല്ലത്ത് സാധ്യതാ പഠനം ഉടൻ
1600733
Saturday, October 18, 2025 5:24 AM IST
കൊല്ലം: കൊച്ചിയുടെ മാതൃകയിൽ രാജ്യത്ത് 21 സ്ഥലങ്ങളിൽ കൂടി വാട്ടർ മെട്രോ സർവീസ് നടപ്പിലാക്കാൻ നീക്കം. ഈ 21 ഇടങ്ങളിൽ കേരളത്തിൽ പരിഗണിക്കുന്നത് കൊല്ലവും ആലപ്പുഴയുമാണ്.അതിൽ തന്നെ 17 സ്ഥലങ്ങളിൽ സാധ്യതാ പഠനം ഇതിനകം പൂർത്തിയായി കഴിഞ്ഞു.
ഇനി സാധ്യതാ പഠനം നടത്താനുള്ളത് കൊല്ലം, ആലപ്പുഴ, കൊൽക്കത്ത, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ്. കൊല്ലത്തും ആലപ്പുഴയിലും സാധ്യതാ പഠനം ഉടൻ നടത്തി രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് അധികൃതരുടെ ശ്രമം. മുംബൈ, ശ്രീനഗർ, പറ്റ്ന, വാരാണസി എണിവിടങ്ങളിൽ പദ്ധതിയുടെ സാധ്യതാ പഠനം പൂർത്തിയാക്കി റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ഇതിൽ മുംബൈയിലെ വാട്ടർ മെട്രോ പദ്ധതിക്ക് വിശദമായ രൂപരേഖ ( ഡിപിആർ) തയാറാക്കുന്നതിനുള്ള ചുമതല കൊച്ചി മെട്രോ റെയിൽ ലിമിറ്റഡലിന് (കെഎംആർഎൽ) തന്നെയാണ് ലഭിച്ചിട്ടുള്ളത്. 2023 ഏപ്രിൽ 25 നാണ് കൊച്ചിയിൽ വാട്ടർ മെട്രോ സർവീസ് ആരംഭിച്ചത്. കൊച്ചിയിൽ ഇതിന് ലഭിച്ച വൻ സ്വീകാര്യതയാണ് രാജ്യത്ത് മറ്റ് സ്ഥലങ്ങളിലേക്ക് കൂടി വാട്ടർ മെട്രോ വ്യാപിപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്.
കൊച്ചി വാട്ടർ മെട്രോയിൽ യാത്രക്കാരുടെ എണ്ണം അടുത്തിടെ 50 ലക്ഷം പിന്നിട്ടിരുന്നു. കൊച്ചിയിൽ നിന്ന് നെടുമ്പാശേരിയിലേക്ക് വാട്ടർ മെട്രോ നീട്ടുന്നതും പരിഗണനയിലാണ്. ഇതിൻ്റെ പ്രാരംഭ പഠനത്തിനുള്ള നടപടികൾ ഇതിനകം ആരംഭിച്ച് കഴിഞ്ഞു. കൊല്ലത്തും ആലപ്പുഴയിലും വാട്ടർ മെട്രോ സർവീസ് തുടങ്ങാൻ കഴിഞ്ഞാൽ കേരളത്തിന്റെടൂറിസം മേഖലയ്ക്ക് അത് കൂടുതൽ കരുത്തുപകരുമെന്നാണ് പ്രതീക്ഷ.