ഒല്ലാൽ ബൈപാസ് റോഡ് നവീകരണം: വീടുകളിൽ വെള്ളം കയറി
1600181
Thursday, October 16, 2025 6:08 AM IST
പരവൂർ: ഒല്ലാൽബൈപാസ് പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി കോൺക്രീറ്റിംഗിനായി മെറ്റലും പാറപ്പൊടിയും ഇറക്കിയതു മൂലം ദുരിതത്തിലായി പ്രദേശവാസികൾ. ശക്തമായ മഴയിൽ റോഡിന്റെ വശങ്ങളിലെ ഏഴ് വീടുകളിൽ വെള്ളം കയറി. വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാത്തതാണ് വീടുകളിൽ വെള്ളം കയറാൻ ഇടയാക്കിയത്.
കഴിഞ്ഞ ദിവസം ഉച്ചയോടേ മഴ ശക്തമായതാണ് പ്രധാനമായും ദുരിതത്തിനു കാരണമായത്. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡ് നവീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം ഇവിടെ ഗതാഗതം തടസപ്പെടുത്തിക്കൊണ്ട് മെറ്റലും പാറപ്പൊടിയും റോഡിനു കുറുകേ ഇറക്കിയിട്ടത്. അന്നേ ദിവസം തന്നെ രാത്രിയിൽ ഇതറിയാതെ എത്തിയ ഇരുചക്ര വാഹന യാത്രക്കാരൻ മെറ്റലിൽ ഇടിച്ചു കയറി ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കിണറുകളിൽ പോലും റോഡിൽ നിന്നും ഒലിച്ചിറങ്ങിയ മലിന ജലം ഇറങ്ങുന്ന സ്ഥിതിയായിരിക്കുകയാണ്. കോൺക്രീറ്റിംഗ് ആരംഭിച്ചപ്പോൾ തന്നെ ഓരോ വശങ്ങളിൽ വീതം നിർമാണം നടത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നതാണ്.
കൂടാതെ വശങ്ങളിൽ ഉയരം കൂട്ടി മധ്യഭാഗത്തുകൂടി വെള്ളം ഒഴുകി സമീപത്തെ തോട്ടിലേക്ക് ഒഴുകത്തക്ക രീതിയിൽ നിർമാണം നടത്താൻ പ്രദേശവാസികൾ ആവശ്യപ്പെട്ടെങ്കിലും കരാറുകാരൻ വഴങ്ങിയില്ലായെന്ന് നാട്ടുകാർ പറയുന്നു. നിലവിൽ കോൺക്രീറ്റ് ചെയ്ത ഭാഗങ്ങൾ ശക്തമായ മഴയിൽ ഒലിച്ചു പോയ അവസ്ഥയിലാണ്. ഇതിനും ശാശ്വത പരിഹാരം കാണണമെന്നുള്ളതാണ് പ്രദേശവാസികളുടെ ആവശ്യം.