തെരുവ് നായ ശല്യം: പഞ്ചായത്ത് ഓഫീസ് പ്രവർത്തനം മുടങ്ങി
1600169
Thursday, October 16, 2025 5:59 AM IST
കൊട്ടിയം: നെടുമ്പന പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ തെരുവ് നായകൾ വിഹരിച്ചു. പഞ്ചായത്തിലെത്തിയ സെക്രട്ടറിയും പ്രസിഡന്റും ജീവനക്കാരും ഉൾപ്പെടെയുള്ളവർ കോമ്പൗണ്ടിന് പുറത്തിറങ്ങി ഗേറ്റ് പൂട്ടിയിട്ടു. പഞ്ചായത്ത് ഓഫീസിനുള്ളിൽ കയറിയ നായകൾ കുരച്ച് കൊണ്ട് ചാടി അടുത്തതോടെ ഭയന്ന പഞ്ചായത്ത് ജീവനക്കാർ വെളിയിലേക്ക് ഓടുകയായിരുന്നു. ഗേറ്റ് അടച്ചതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു.
തുടർന്ന് നായകൾ അകത്തും പഞ്ചായത്ത് ജീവനക്കാർ വെളിയിലും നിലകൊണ്ടു. മണിക്കൂറുകളോളം പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറി ഉൾപ്പെടെയുള്ള ജീവനക്കാർക്കും ഓഫീസിൽ കയറാൻ കഴിഞ്ഞില്ല. നായ പിടുത്തക്കാർ വന്ന് നായ്ക്കളെ പിടിച്ച ശേഷമാണ് ജീവനക്കാർ അകത്തു കയറിയത്.
കഴിഞ്ഞദിവസം നെടുമ്പന പഞ്ചായത്തിലെ 17, 18 വാർഡുകളിലെ തൈക്കാവ് ജംഗ്ഷൻ, പഞ്ചായത്ത് ജംഗ്ഷൻ, മുളങ്കുഴി, കൃഷിഭവൻ, എന്നീ ഭാഗങ്ങളിൽ നായ ഓടിനടന്ന് കുട്ടികൾ അടക്കമുള്ള 11 പേരെ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ഫൈസൽ കുളപ്പാടത്തിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും, നാട്ടുകാരും സംഘടിച്ച് കടിച്ച നായയെ പിടിക്കുവാൻ ശ്രമിക്കുകയും ഒടുവിൽ നായ ചത്തു പോവുകയും ചെയ്തു. ആളുകളെ തെരുവുനായ കടിച്ചിട്ടും നെടുമ്പന പഞ്ചായത്തിൽ നിന്നോ നെടുമ്പന പഞ്ചായത്ത് മൃഗാശുപത്രിയിൽ നിന്നോ യാതൊരു നടപടിയും ഉണ്ടായില്ല.
പേവിഷബാധ ഉണ്ടോ എന്നറിയുവാനുള്ള പരിശോധനയ്ക്കായി ചത്ത നായയെ കൊല്ലത്ത് കൊണ്ടുപോകുവാൻ പോലും നെടുമ്പന മൃഗാശുപത്രിയിൽ നിന്നോ പഞ്ചായത്തിൽ നിന്നോ ആരും വരാത്തതിനെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം ഫൈസൽ കുളപ്പാടം മന്ത്രി ജെ .ചിഞ്ചു റാണിയെ ഫോണിൽ വിളിച്ചു.
തുടർന്ന് നെടുമ്പന വെറ്റിനറി ഹോസ്പിറ്റലിൽ നിന്നും ഡോക്ടറും സഹായികളും വന്നെങ്കിലും അവർ പട്ടിയെ കൊണ്ടുപോകുവാനോ എടുക്കുവാനോ തയാറായില്ല. വീണ്ടും ജനങ്ങൾ പ്രതിഷേധിച്ചതിനെ തുടർന്ന് നെടുമ്പന പഞ്ചായത്ത് സെക്രട്ടറി സ്ഥലത്തെത്തുകയും തുടർന്ന് അവിടെ കൂടിയ രണ്ടുപേർ നായയെ ബക്കറ്റിലാക്കിസീൽ ചെയ്തു ജില്ല വെറ്റിനറി ഹോസ്പിറ്റലിൽ കൊണ്ടുപോയി. പരിശോധനയിൽ പട്ടിക്ക്പേ വിഷബാധ ഉണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു.