തിരുമുക്ക് അടിപ്പാത സമരം ശക്തമാക്കാൻ തീരുമാനം
1600176
Thursday, October 16, 2025 5:59 AM IST
സമരം ഒരു മാസം പിന്നിടുന്നു
ചാത്തന്നൂർ: തിരുമുക്കിൽ നിർമിച്ചു വരുന്ന സ്മാൾ വെഹിക്കിൾ അണ്ടർ പാസേജ് വേണ്ടത്ര പഠനം നടത്താതെയും ഓരോ ദിവസവും ഇതുവഴി കടന്ന് പോകുന്ന വാഹനങ്ങളുടെ വ്യാപ്തി കണക്കാക്കാതെയുമാണ് രൂപകൽപ്പന ചെയ്തത് എന്ന് തിരുമുക്ക് അടിപ്പാത സമരസമിതി. വലിയ വാഹനങ്ങൾ കടന്നുപോകുന്ന അടിപ്പാത നിർമിച്ച് അതിവേഗ പാതയുടെ നിർമാണത്തിനൊപ്പം പ്രാദേശികവികസനവും കൂടി നടപ്പിലാക്കണമെന്നാണ് സമരസമിതി ആവശ്യപ്പെടുന്നത്.
സമരസമിതി നേതൃത്വത്തിൽ തിരുമുക്കിൽ നടന്നു വരുന്ന റിലേ സത്യഗ്രഹ സമരം നാളെ 30 ദിവസം പൂർത്തിയാക്കുകയാണ്. 30-ാം ദിവസം ജനഹിതം കാണാത്ത അധികാരികൾക്കെതിരെ കരിദിനമാചരിക്കും. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും കരിങ്കൊടി ഉയർത്തി വ്യാപാര സംഘടനകൾ പ്രതിഷേധിക്കും. വൈകുന്നേരം അഞ്ചിന് എല്ലാ വിഭാഗം ജനങ്ങളും കറുത്ത പ്ലക്കാർഡുകൾ ധരിച്ച്പങ്കെടുക്കുന്ന പ്രതിഷേധ പ്രകടനം നടക്കും.
ചാത്തന്നൂർ പെട്രോൾ പമ്പിന് സമീപത്ത് നിന്നാരംഭിക്കുന്ന പ്രകടനം തിരുമുക്കിൽ അവസാനിക്കും. വൈകുന്നേരം ആറിന് തിരുമുക്കിൽ നടക്കുന്ന പൊതുയോഗം ശിവഗിരി മഠം പ്രതിനിധി ഉദ്ഘാടനം ചെയ്യും. സമരസമിതി മുന്നണി ഭാരവാഹികളും വിവിധ രാഷ്ട്രീയപ്പാർട്ടി നേതാക്കളും പങ്കെടുക്കും. തുടർന്നുള്ള ദിവസങ്ങളിൽ സമരവേദിയിൽ എല്ലാ ദിവസവും വൈകുന്നേരം വിശിഷ്ട വ്യക്തികൾ ദീപശിഖ കത്തിച്ച് രാത്രി ഏഴുവരെ കറുത്ത ബാഡ്ജും കറുത്ത തൊപ്പിയും ധരിച്ച് പ്രതീകാത്മക സമരം നടത്തും. ഓരോ ദിവസവും ഓരോ സംഘടനകൾ വൈവിധ്യങ്ങളായ സമരങ്ങൾ സംഘടിപ്പിക്കും.
സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ദേശിയപാതാ അഥോറിറ്റി റീജിയണൽ ഓഫീസ് മുൻപാകെ ജനകീയ ധർണ സംഘടിപ്പിക്കാനും സമരസമിതി തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.
സത്യഗ്രഹ സമരരംഗത്തേക്ക് ബിജെപിയും
ചാത്തന്നൂർ: തിരുമുക്ക് അടിപ്പാത സമര സമിതി നടത്തുന്ന റിലേ സത്യഗ്രഹ സമരത്തിൽ ബിജെപിയും സജീവപങ്കാളികളായി. രാഷ്ട്രീയ പാർട്ടികളുടെ യുവജന സംഘടനകളും മഹിളാ സംഘടനകളും കുടുംബശ്രീ കൂട്ടായ്മയും വ്യാപാരി വ്യവസായി സമിതിയും സത്യഗ്രഹ സമരത്തിൽ അണിചേർന്നിരുന്നു. മുസ്ലിം ലീഗും സത്യഗ്രഹ സമരമനുഷ്ടിച്ചതിന് പിന്നാലെയാണ് ബി ജെ പിയുടെ സമരരംഗത്തേക്കുള്ള പ്രവേശനം .
ബിജെപി സഹകരണ സെൽ ജില്ലാ കൺവീനർ എസ്.വി.അനിത്ത് കുമാർ, പഞ്ചായത്തംഗം മീരാ ഉണ്ണി, ബിജെപി ജില്ലാ കമ്മിറ്റിയംഗം ശ്രീകുമാർ എന്നിവർ സത്യഗ്രഹം അനുഷ്ടിച്ചു. ബിജെപി നേതാക്കളുടെ റിലേ സത്യഗ്രഹം വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
ചാത്തന്നൂർ വികസന സമിതി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എൻ.അനിൽകുമാർഅധ്യക്ഷത വഹിച്ചു.ബിജെപി സംസ്ഥാന കൗൺസിൽ അംഗം മൈലക്കാട് ഗോപാലകൃഷ്ണപിളള, പഞ്ചായത്തംഗം ആർ.സന്തോഷ്, ചാത്തന്നൂർ വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ, ബിജെപി ജില്ലാ ട്രഷറർ രാജൻ പിള്ള, തുടങ്ങിയവർ പ്രസംഗിച്ചു.
സമാപന യോഗം ബിജെപി തിരുവനന്തപുരം മേഖലാ പ്രസിഡന്റ് .ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു.സത്യഗ്രഹ സമരത്തിന്റെ ഇരുപത്തി ഒൻപതാം ദിവസമായ ഇന്ന് കുടുംബശ്രീ ചിറക്കര സിഡിഎസ് ചെയർപേഴ്സൺ റീജാ ബാലചന്ദ്രൻ സത്യഗ്രഹമനുഷ്ടിക്കും. രാവിലെ സിപിഎം ചാത്തന്നൂർ ഏരിയാ സെക്രട്ടറി പി.വി.സത്യൻസത്യഗ്രഹം ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ കൂട്ടായ്മയാണ്റിലേസത്യഗ്രഹം നടത്തുന്നത്.