റവന്യൂ ജില്ലാ കായിക മേള : അഞ്ചൽ കുതിക്കുന്നു
1600367
Friday, October 17, 2025 6:04 AM IST
കൊട്ടാരക്കര: കൊല്ലം റവന്യൂ ജില്ലാ കായിക മേള രണ്ടാം ദിനം പൂർത്തിയാകുമ്പോൾ 132പോയിന്റുമായി അഞ്ചൽ ഉപജില്ല അജയ്യമായ തേരോട്ടം തുടരുന്നു.
72പോയിന്റുമായി ചാത്തന്നൂർ ഉപജില്ല രണ്ടാം സ്ഥാനവും 62പോയിന്റുമായി പുനലൂർ ഉപജില്ല മൂന്നാം സ്ഥാനത്തും തുടരുന്നു.
കഴിഞ്ഞ ദിവസം പെയ്ത പേമാരിയെ തുടർന്നു മാറ്റി വച്ചിരുന്ന ഇനങ്ങൾ ഉൾപ്പെടെ 55ഇനങ്ങളും പൂർത്തിയായി. 4x100 മീറ്റർ റിലെ മത്സരങ്ങളും ലോംഗ് ജമ്പ് മത്സരങ്ങളുമാണ് പൂർത്തിയാവാനുള്ളത്.
സ്കൂൾതലത്തിൽ അഞ്ചൽ വെസ്റ്റ് ഗവ. എച്ച്എസ്എസ് 71പോയിന്റോടെ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. 46പോയിന്റുമായി പൂതക്കുളം ഗവ. എച്ച്എസ്എസ് രണ്ടാം സ്ഥാനത്താണ്.
കനത്ത മഴയിലും തളരാതെ താരങ്ങൾ
കൊട്ടാരക്കര: ഇടയ്ക്കിടെ പെയ്തു മടങ്ങുന്ന പേമാരിക്കും കൗമാരതാരങ്ങളുടെ പോരാട്ട വീര്യത്തെ തടയാനായില്ല. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചുകൊണ്ടാണ് അയ്യായിരം മീറ്റർ നടത്തം രാവിലെ ആരംഭിച്ചത്.
ധനകാര്യമന്ത്രി ബാലഗോപാൽ മൈതാനവേദിയിൽ കായിക മേള ഉദ്ഘാടനം ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് കൗമാരതാരങ്ങൾ മഴയെ അവഗണിച്ചു നടത്തമത്സരം പൂർത്തീകരിച്ചത്. ബോയ്സ് ഹൈസ്കൂൾ മൈതാനം, എസ്കെവിഎച്ച്എസ്എസ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ ഓടിയും ചാടിയും എറിഞ്ഞും താരങ്ങൾ മെഡലുകൾ വാരിക്കൂട്ടി.
ചെളി പുതഞ്ഞു കിടന്നിരുന്ന ട്രാക്കുകളിൽ ബാലൻസ് തെറ്റാതെയുള്ള ഓട്ട മത്സരം കാണികളിൽ ഭയപ്പാട് ഉളവാക്കിയിരുന്നു.
കായിക താരങ്ങൾക്ക് ആശ്വാസമായി ആയുർവേദ മെഡിക്കൽ സംഘം
കൊട്ടാരക്കര: ജില്ലാ കായിക മേളയിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്കു വൈദ്യസഹായം എത്തിക്കുവാൻ ആയുർവേദ മെഡിക്കൽ സംഘവും ബോയ്സ് ഹൈസ്കൂൾ മൈതാനിയിൽ പൂർണസജ്ജരായുണ്ട്. പേശി വലിവ് അടക്കമുള്ള പരിക്കുകൾക്ക് ഉടനെ തന്നെ ഫലപ്രദമായ മരുന്നുകൾ നൽകുന്നു.
ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുള്ള സ്പോർട്സ് ആയുർവേദിക് റിസർച്ച് സെല്ലിന്റെ ഒരു യൂണിറ്റാണ് എത്തിയിട്ടുള്ളത്. അഞ്ചുപേർ അടങ്ങുന്ന മെഡിക്കൽ സംഘമാണുള്ളത്. ഡോ. വിഷ്ണു ബി ചന്ദ്രൻ, ഡോ. വിനീത, അൻഷാമോൾ, തെറാപ്പിസ്റ്റുകളായ എൽ.എൽ.വിമൽ ലാൽ, നവീൻ സാജ് എന്നിവരാണ് എത്തിയിട്ടുള്ളത്.