ചോഴിയക്കോട്ട് മോഷണ പരമ്പര
1600936
Sunday, October 19, 2025 6:17 AM IST
കുളത്തൂപ്പുഴ : ചോഴിയക്കോട്ട്് കടകളിലും ആരാധനാലയങ്ങളിലും കഴിഞ്ഞദിവസം വൻമോഷണ പരമ്പര അരങ്ങേറി. എസ്എൻഡിപി ശാഖാമന്ദിരത്തിന്റെ കതക് തകർത്ത് അകത്തുണ്ടായിരുന്ന കാണിക്ക വഞ്ചിയും മറ്റു സാധനങ്ങളും കവർച്ച ചെയ്തു. തൊട്ടടുത്ത സെന്റ് സെബാസ്റ്റ്യൻ മലങ്കര കത്തോലിക്കപള്ളിയുടെ കുരിശടിയുടെ വാതിൽ തകർത്ത് കാണിക്ക വഞ്ചി കവർച്ച ചെയ്തു. മിൽപ ശിവക്ഷേത്രത്തിന്റെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം അപഹരിച്ചു. തൊട്ടടുത്ത പച്ചക്കറി കടയുടെ ഷട്ടർ തകർത്ത് കടയിൽ ഉണ്ടായിരുന്ന പണവും മോഷ്ടാക്കൾ അവഹരിച്ചു.
നാട്ടുകാർ കുളത്തൂപ്പുഴ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് എസ്എച്ച്ഒ ബി. അനീഷിന്റെ നിർദേശത്തെ തുടർന്ന് സബ് ഇൻസ്പെക്ടർ ഷാജഹാൻ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മോഷണം നടന്ന സ്ഥാപനങ്ങളും പള്ളിയിലും പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. കൊല്ലത്തുനിന്ന് വിരലടയാള വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചു.
കുളത്തൂപ്പുഴ പഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിൽ അടിക്കടി മോഷണ സംഭവങ്ങൾ ഉണ്ടാകുന്നു. എന്നാൽ മോഷണങ്ങൾ തടയുവാൻ പോലീസിന് കഴിയുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.