ഇത് ജേക്കബിന്റെ ഏദൻതോട്ടം
1600930
Sunday, October 19, 2025 6:17 AM IST
ജോൺസൺ വേങ്ങത്തടം
കൊല്ലം: നഗരത്തിൽ വെറും അഞ്ച് സെന്റ് ഭൂമിയിൽ ഒരു പറുദീസ. വിദേശികളും സ്വദേശികളുമായ ഫലച്ചെടികളും ഔഷധസസ്യങ്ങളും ചെടികളും കൊണ്ടുനിറഞ്ഞ ഒരു ഏദൻതോട്ടം. വനംവകുപ്പും കൃഷിവകുപ്പും ഒരുപോലെ അവാർഡുകൾ നൽകി അഭിനന്ദിക്കുന്ന കർഷകൻ. ഇത് ആരെയും ആകർഷിക്കുന്ന ഫലങ്ങളാൽ സംതൃപ്തമായ മരങ്ങളും ചെടികളും കൊണ്ടുനിറഞ്ഞ ജേക്കബിന്റെ ഏദൻതോട്ടം പൂത്തുലഞ്ഞു നിൽക്കുന്നു.
മുണ്ടയ്ക്കൽ കീർത്തനം ഭവനത്തിൽ ജേക്കബ് എസ്. മുണ്ടപ്പുളം എന്ന റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ ഭവനത്തിലാണ് ഈ പച്ചപ്പ് നിറഞ്ഞുനിൽക്കുന്നത്. ഈ ഹരിതഭംഗി ആരെയും കൊതിപ്പിക്കും. കേരള പോലീസിന്റെ റെയിൽവേ വിംഗിൽനിന്നും സബ് ഇൻസ്പെക്ടറായിട്ടാണ് ജേക്കബ് വിരമിച്ചത്. നിലവിൽ നന്മരം ഗ്ലോബൽഫൗണ്ടേഷൻ ചീഫ് കോർഡിനേറ്ററാണ്. നല്ല മനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ലനിക്ഷേപത്തിൽ നിന്നു നന്മ പുറപ്പെടുവിക്കുന്നുവെന്നതുപോലെ പച്ചയായ മനുഷ്യൻ.
ചൈന, തായ്ലാൻഡ്, മലേഷ്യ, വിയറ്റ്നാം, സിംഗപ്പൂര്‍, കമ്പോഡിയ, ഇന്തോനേഷ്യ ശ്രീലങ്ക ഫിലിപ്പൈന്‍സ് തുടങ്ങിയ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ഓസ്ട്രേലിയ, ബ്രസീല്‍, കൊളംബിയ, പെറു തുടങ്ങിയ തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലും വടക്കേ അമേരിക്കന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും കാണപ്പെടുന്ന പഴങ്ങള്‍ നമ്മുടെ മണ്ണിലും കാലാവസ്ഥയിലും നന്നായി വളരുമെന്നു ജീവിതത്തിലൂടെ തെളിയിക്കുകയാണ് ജേക്കബിന്റെ പുരയിടം. സർവീസിലിരിക്കേ, വനവ്യാപനത്തിനായി സംസ്ഥാന സർക്കാരിൽനിന്നും പരിസ്ഥിതിപ്രവർത്തനത്തിനു അഞ്ചുവർഷക്കാലം അനുവാദം ലഭിച്ച ആദ്യത്തെ പോലീസ് ഉദ്യോസ്ഥനാണ് ജേക്കബ്.
നന്മരം ഗ്ലോബൽഫൗണ്ടേഷനിലൂടെ വനവ്യാപനത്തിന്റെ അറിവ് കുട്ടികൾക്കും പൊതുജനത്തിനും നൽകുന്നതിനുവേണ്ടി മധുരവനം പ്രോജക്ട് കേരളത്തിലുംവിദേശത്തും നടത്തി കൊണ്ടിരിക്കുന്ന പരിസ്ഥിതിപ്രവർത്തകൻ. കലാലയങ്ങളിലും സമൂഹത്തിലെ ഉന്നതരെ ഉൾപ്പെടെ പങ്കാളികളാക്കി മധുരവനം പ്രോജക്ട് വ്യാപിപ്പിക്കുന്നു. ഡിജിപി ഉൾപ്പെടെ മധുരവന പ്രോജക്ടിൽ മരം നടുന്നതിനു മുന്നിൽ നിൽക്കുന്നു.
അഞ്ച് സെന്റിലെ വനം
ഇതൊരുവനമാണ്. ഫലവൃക്ഷങ്ങൾ തിങ്ങിനിറഞ്ഞ വനം. ബൈബിളിലെ അത്തിമരം ഉൾപ്പെടെ 52 ഫലവൃക്ഷങ്ങൾ നിറഞ്ഞുനിൽക്കുന്നു. ഇതു വെറും അഞ്ച് സെന്റ് ഭൂമിയിലാണ് വിളഞ്ഞുനിൽക്കുന്നത്. സാന്തോള്‍, മാട്ടോവ, കാരപ്പഴം, ലിച്ചി, ലെഗൺ, മാങ്കോസ്റ്റീന്‍, സ്റ്റാർ ഫ്രൂട്ട്, പീനട്ട് ബട്ടര്‍, ബെല്‍ ഫ്യൂട്ട് വിയറ്റ്നാമീസ് മാങ്ങ, ചക്ക എന്നിവ കായ്ച്ചു നിൽക്കുന്ന മനോഹരചിത്രം ദൃശ്യമാണ്.
മാവുകളുടെ വ്യത്യസ്ത നിറഞ്ഞുനിൽക്കുന്ന ഭുമി. ഒരു മാവിൽതന്നെ പത്തോളം വ്യത്യസ്ത മാവുകൾ ഗ്രാഫ്റ്റ് ചെയ്തു നിർത്തിയിരിക്കുന്നു. കുറ്റിമുരിങ്ങ, അഞ്ച് തരം പ്ലാവ്, അഞ്ചുതരം ചാന്പ, അന്പഴങ്ങ,അവക്കാഡോ, ബറബാ, പുലാസാൻ നീളുന്നു ലിസ്റ്റ്. കുറ്റികുരുമുളക് നിലത്തുപടർന്നു പന്തലിക്കുന്നു. മരത്തിൽ കയറ്റി വിട്ടതുകൂടാതെ പിവിസി പൈപ്പിലും കുരുമുളക് ചെടികൾ വളർത്തുന്നു. വീട്ടിലേക്ക് ആവശ്യമായ തേങ്ങയ്ക്കായി തെങ്ങുംഈ പുരയിടത്തിലുണ്ട്.
മട്ടുപ്പാവില്‍
മട്ടുപ്പാവിൽ ഡ്രമ്മിലാണ് മരങ്ങൾ നിൽക്കുന്നത്. പത്തും പതിനഞ്ചും വർഷം പഴക്കമുള്ള മരങ്ങൾ.അതിൽ നിറഞ്ഞുനിൽക്കുന്ന ഫലങ്ങൾ ആരെയും കൊതിപ്പിക്കും. മുസംബികളുടെ ഒരു കലവറയാണ്ഈ മട്ടുപ്പാവ്. വിവിധ രാജ്യങ്ങളിലെ വിവിധ ഇനത്തിൽപ്പെട്ട ചെറികൾ പഴംകായിച്ചുനിൽക്കുന്നു. തായ്ലന്ഡിലെ ഏറ്റവും ജനപ്രിയമായ മാമ്പഴമായ നാം ഡോക് മായ്, വിയറ്റ്നാം സൂപ്പര്മാവ് കാറ്റിമൂണ്, കോട്ടൂര്‍കോണം മാവ് പേരയ്ക്ക ആരെയും കൊതിപ്പിക്കും. ഡ്രാഗണ്‍ഫ്രൂട്ട്,
ചൈനീസ് ഓറഞ്ച്, ബുഷ് ലെമണ്‍, ജപ്പാന് പേരായ്ക്ക, വൈറ്റ് പേരയ്ക്ക, ചൈനീസ് പേര, നാടന്‍ പേര, റംബുട്ടാന്, സൂപ്പര്‍ ഭഗവ മാതളം, മിൽക്ക് ഫ്രൂട്ട്, മാമി സപ്പോട്ട, ബ്ലാക്ക് സപ്പോട്ട, വൈറ്റ് സപ്പോട്ട, സാവാന ചെറി,ആപ്പിള്‍, ഡ്രാഗണ്‍ റെഡ്- വൈറ്റ്, അബിയു, ഇസ്രായേല്‍ ഓറഞ്ച്, ദേവദാരു ബേ ചെറി, മാല്പിഗിയ ,സ്ട്രോബറി, ബുഷ് ഓറഞ്ച്, ഗ്രാഫ്റ്റ് അംബഴങ്ങ, ഗ്രാഫ്റ്റ് നാരകത്തിന്റെ ഇനങ്ങള്‍ പറഞ്ഞാൽ പേരുകൾ നീളുമെന്നുമാത്രം.
പൂന്തോട്ടം
ഇതുകൂടാതെ വീടിനു മുൻവശത്തു ആന്തുറിയം, ഓർക്കിഡ് തുടങ്ങി 250 ചെടികൾകൊണ്ടുനിറഞ്ഞ പൂന്തോട്ടം. വർഷങ്ങൾ പഴക്കമുള്ള ചെടികൾ ബോൺസായ് ചെടികളാക്കിരിക്കുന്നതു ആരെയും ആകർഷിക്കും. കൂടാതെ അക്വേറിയത്തിൽ നീന്തികളിക്കുന്ന അലങ്കാരമത്സ്യമായ ഹൗറയുടെ ഭംഗി ആർക്കും ഇഷ്ടമാകും.
മത്സ്യകൃഷിയുമുണ്ട്. ഇതിൽ വർഷങ്ങൾ വളർച്ചയുള്ള ആഫ്രിക്കൻമുഷിയും കട്ലയും വളരുന്നു. പഴയഫ്രിഡ്ജ് പോലും നഷ്ടപ്പെടുത്താതെ മത്സ്യകൃഷിക്കായി ഉപയോഗിക്കാൻ ജേക്കബ് മിടുക്കനാണ്. അടുക്കളയിലെ ഭക്ഷ്യാവശിഷ്ടം നേരേ പോകുന്നതു മത്സ്യങ്ങൾക്കാണ്. ഇവിടെ കാവലാളായി ഡാഷ് ഇനത്തിൽപ്പെട്ട നായ്ക്കളായ ജാക്കിയും ജൂലിയും പുരയിടത്തിലും മട്ടുപ്പാവിലും വിലസുന്നു.
മാസ്, സൽകർമ എന്നീ ചാരിറ്റബിൾ സംഘടനയിലും ജേക്കബ് പ്രവർത്തിക്കുന്നു.കൂടാതെ മുണ്ടയ്ക്കൽ റെസിഡൻസ് അസോസിയേഷൻ വൈസ് പ്രസിഡന്റുമാണ്.ഭാര്യ ജയാ ജേക്കബ് ബെൻസിഗർ ആശുപത്രിയിൽ ഇൻഷുറൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. മക്കൾ:ജയ്സൺ ജേക്കബ്, ജെറിൻ ജേക്കബ്.