വ്യാജ ആധാറുമായി ബംഗ്ലാദേശ് സ്വദേശി പിടിയിൽ
1600932
Sunday, October 19, 2025 6:17 AM IST
ൊകൊല്ലം: സുരക്ഷിത തീരം പദ്ധതിയുടെ ഭാഗമായുള്ള പരിശോധനയിൽ വ്യാജ ആധാറുമായി ബംഗ്ലാദേശ് സ്വദേശി പിടിയിലായി. സൗത്ത് ഈസ്റ്റ് ബംഗ്ലാദേശിൽ നൊക്കാലി ജില്ലയിൽ ധാക്കിനത്യ സ്വദേശി പരിമൾ ദാസ് (21 )ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്.
ഒരാഴ്ച മുമ്പാണ് കൊല്ലം സിറ്റി പോലീസിന്റെ സുരക്ഷിത തീരം എന്ന പരിപാടിക്ക് തുടക്കം കുറിച്ചത്. പരവൂർ മുതൽ ഓച്ചിറ വരെയുള്ള കടലോര മേഖലകളിലെ മത്സ്യബന്ധന മേഖലകളിലും അനുബന്ധ മേഖലകളിലും ജോലി ചെയ്തു വരുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്ന പദ്ധതിയാണിത്. ഇതുവരെയായി 1300 തൊഴിലാളികളുടെ ആധാറുകൾ പരിശോധനയ്ക്ക് വിധേയമാക്കി. ഈ പരിശോധനയിലാണ് വ്യാജ ആധാറുമായി ഇയാൾ പിടിയിലായത്.
ഇയാളെ ചോദ്യം ചെയ്തതിൽ ബംഗ്ലാദേശിൽ നിന്നും അനധികൃതമായി ബംഗാളിൽ പ്രവേശിച്ച് അവിടെ നിന്നും വ്യാജ വിലാസത്തിൽ ഏജന്റുമാർ വഴി ആധാർ എടുത്തതാണെന്ന് മനസിലായി.
വ്യാജ ആധാർ എടുക്കാൻ സഹായിച്ച ഏജന്റിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. വ്യാജ രേഖ ചമച്ചതിനും ഫോറിനേഴ്സ് ആക്റ്റിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവുമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
ബംഗ്ലാദേശ് സ്വദേശിയെ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ വരുംദിവസങ്ങളിൽ വ്യാപക പരിശോധനയ്ക്കാണ് സിറ്റി പോലീസ് പദ്ധതിയിടുന്നത്. ശക്തികുളങ്ങര ഐ എസ്എച്ച്ഒ ആർ. രതീഷ്, എസ്ഐ ജിബി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതി അറസ്റ്റ് ചെയ്തത്.