ട്രാക്കിലെ മധുര പ്രതികാരത്തിന്റെ കഥ...
1600725
Saturday, October 18, 2025 5:24 AM IST
കൊട്ടാരക്കര: ട്രാക്കിൽ സഹോദര സ്നേഹം പാടേ മറന്ന് ഇരട്ട കായിക താരങ്ങൾ. ഇതേ മൈതാനത്ത് കഴിഞ്ഞ വർഷം നടന്ന 200മീറ്റർ ജൂനിയർ ഓട്ട മത്സരത്തിൽ തന്നെ തോൽപ്പിച്ച സഹോദരിയോട് അതേ മത്സരത്തിൽ തന്നെ സ്വർണമെഡൽ നേടി ഇത്തവണത്തെ കായിക മേളയിൽ മധുര പ്രതികാരം വീട്ടിയിരിക്കുകയാണ് അഞ്ചൽ ഈസ്റ്റ് ജിഎച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയും ഇരട്ട സഹോദരിമാരിൽ ഒരാളുമായ അനന്യ.
കഴിഞ്ഞ വർഷം നടന്ന 200മീറ്റർ ഓട്ടമത്സരത്തിൽ ഇവർ രണ്ട്പേരും പങ്കെടുത്തിരുന്നു ഇഞ്ചോടിഞ്ചു നടന്ന മത്സരത്തിൽ അനശ്വര ഒന്നാം സ്ഥാനത്തും അനന്യ മൂന്നാം സ്ഥാനത്തെയ്ക്കും പിൻതള്ളപ്പെട്ടു.
മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കാത്തതിന്റെ സങ്കടം അനന്യയ്ക്ക് ഉണ്ടായിരുന്നു. ഇതേ ട്രാക്കിൽ തന്നെ അന്നത്തെ മത്സരത്തിന്റെ കയ്പ്പേറിയ ഓർമ്മകൾ മായും മുൻപേ സഹോദരിയേ തോൽപ്പിച്ചു സ്വർണ്ണം നേടിയതിന്റെ ആഹ്ലാദം അനന്യ മറച്ചു വയ്ക്കുന്നില്ല.
അന്ന് അനന്യയ്ക്ക് മൂന്നാം സ്ഥാനം കിട്ടിയപ്പോൾ ഇപ്പോൾ രണ്ടാമത് എത്തിയ അനശ്വരയ്ക്ക് വലിയ സങ്കടം ഒന്നും തന്നെ ഇല്ല. ഇരട്ടകുട്ടികൾ 4സ്വർണ്ണവും, 2വെള്ളിയുമടക്കം. 6മെഡലുകൾ വീട്ടിൽ എത്തുന്നതിന്റെ സന്തോഷം ഇവരുടെ പിതാവ് അനിൽകുമാർ മറച്ചു വയ്ക്കുന്നില്ല. മക്കൾ രണ്ട് പേരും ഒരുമിച്ച് മത്സരത്തിനിറങ്ങിയത് 200മീറ്റർ ഓട്ടത്തിൽ മാത്രമായിരുന്നു.
മത്സരത്തിൽ അനന്യയ്ക്ക് സ്വർണവും അനശ്വരയ്ക്ക് വെള്ളിയും ലഭിച്ചു.അനന്യ 200മീറ്റർ ഓട്ടത്തിൽ സ്വർണ്ണവും, ലോങ്ങ് ജമ്പിൽ 4.57മീറ്റർ ദൂരം കടന്ന് സ്വർണ്ണവും, 100മീറ്റർ ഓട്ടത്തിൽ വെള്ളിയും ലഭിച്ചു.
അനശ്വര 400മീറ്റർ ഓട്ടത്തിലും ട്രിപ്പിൾ ജമ്പിൽ സ്വർണ്ണവും, 200മീറ്ററിൽ വെള്ളിയും കരസ്ഥമാക്കി. ഇവരുടെ പിതാവ് അഞ്ചൽ ടൗണിലെ ഡ്രൈവറായ അനിൽകുമാർ നേരത്തെ സംസ്ഥാന കായിക മേളയിൽ ജാവലിൻ ത്രോ ഇനത്തിൽ പങ്കെടുത്തിട്ടുണ്ട്. മാതാവ് പ്രീത അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി നോക്കുന്നു.