കോഴിക്കൂട് തകർത്ത് തെരുവുനായ്ക്കൾ കോഴികളെ കൊന്നു
1600731
Saturday, October 18, 2025 5:24 AM IST
കുളത്തൂപ്പുഴ : കോഴിക്കൂട് തകർത്ത് തെരുവുനായ്്ക്കൂട്ടം ഇരുപതോളം കോഴികളെ കടിച്ചു കൊന്നു. കുളത്തൂപ്പുഴ പഞ്ചായത്തിൽ നിന്നും മുട്ടക്കോഴി പദ്ധതി പ്രകാരം കിട്ടിയ കോഴികൾ ഉൾപ്പെടെ 20 കോഴികളെയാണ് കോഴിക്കൂട് തകർത്ത് നായക്കൂട്ടം കൊന്നത്.
കല്ലുവെട്ടാംകുഴി തുണ്ടത്തിൽ വീട്ടിൽ ജെസി മാത്യുവിന്റെ കോഴികളെയാണ് തെരുവുനായ്ക്കൾ കടിച്ചു കൊന്നത്. കോഴികളുടെ നിർത്താതെയുള്ള ബഹളം കേട്ട് വീട്ടുകാർ ഉണർന്ന് എത്തിയപ്പോൾ അവർക്ക് നേരെയും ആക്രമണം ഉണ്ടായി. ഇവർ പേടിച്ചു കതകടച്ച ശേഷം സമീപത്തെ വാർഡ് മെമ്പറെ വിവരം അറിയിക്കുകയായിരുന്നു.
മെമ്പർ നാട്ടുകാരെ വിളിച്ചു നായ്ക്കളെ തുരത്തി ഓടിക്കുന്നതിനുള്ളിൽ കോഴികളിൽ പകുതിയിലേറെയും നായ്ക്കൾ കൊന്നിരുന്നു. ഈ മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം വൻ തോതിൽ വർധിച്ചു വരികയാണ്.
കുളത്തൂപ്പുഴ പഞ്ചായത്ത് അധികൃതർ മാലിന്യ ബോക്സുകൾ എല്ലായിടത്തും സ്ഥാപിച്ചത് മൂലമാണ് തെരുവ് നായകൾക്ക് ഭക്ഷണം ലഭിക്കാതെയായത്.
വളർത്തുമൃഗങ്ങളെ നായ്ക്കൾ കൂട്ടമായി എത്തി ആക്രമിക്കുന്ന വിഷയത്തിൽ അടിയന്തരമായി പഞ്ചായത്ത് അധികൃതർ നടപടികൾ എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.