പുറ്റിംഗൽ വെടിക്കെട്ട് ദുരന്തം: വിടുതൽ ഹർജിയിന്മേൽ നാളെ വാദം കേൾക്കും
1600370
Friday, October 17, 2025 6:04 AM IST
കൊല്ലം : പുറ്റിംഗൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ ചില പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജിയിന്മേൽ വിശദമായ വാദം കേൾക്കൽ നാളെ നടക്കും. 56 മുതൽ 59 വരെയുള്ള പ്രതികൾ സമർപ്പിച്ച ഹർജിയിലാണ് നിലവിൽ പ്രത്യേക കോടതിയുടെ ചാർജുള്ള ജഡ്ജി എം.സി. ആന്റണി മുമ്പാകെ വാദം കേൾക്കൽ നടന്നു വരുന്നത്.
പ്രതികൾക്ക് എതിരേ ഗൂഢാലോചന, സ്ഫോടക വസ്തു നിയമപ്രകാരമുള്ള വകുപ്പുകൾ എന്നിവ ചുമത്തിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയിട്ടുള്ളത്. പ്രസ്തുത വകുപ്പുകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് വിടുതൽ ഹർജി പ്രതികൾ നൽകിയിട്ടുള്ളത്.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് തവണ വാദം നടന്നപ്പോഴും പ്രതികളുടെ ആവശ്യത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. തുടർ വാദത്തിനായാണ് കേസ് നാളെ പരിഗണിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. ജബ്ബാർ, അഡ്വ. അമ്പിളി ജബ്ബാർ എന്നിവർ കോടതിയിൽ ഹാജരാകും.
2016 ഏപ്രിൽ പത്തിന് പുലർച്ചെ രണ്ടിന് ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ 110 പേരാണ് മരിച്ചത്. 656 പേർക്ക് ഗുരുതരമായി പരിക്കേറ്റു. കേസി െ ന്റ വിചാരണയ്ക്കായി പ്രത്യേക കോടതി കെട്ടിടവും മറ്റ് അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്തിയെങ്കിലും സ്ഥിരം ജഡ്ജിയെ ഇതുവരെ നിയമിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം.