മൊസാംബിക്കിലെ ബോട്ട് അപകടം : പ്രതീക്ഷയോടെ ശ്രീരാഗിന്റെ ബന്ധുക്കൾ
1601298
Monday, October 20, 2025 6:20 AM IST
ചവറ: മൊസാംബിക്കിലെ ബോട്ട് അപകടത്തിൽ കാണാതായ തേവലക്കര സ്വദേശി ഉൾപ്പെടെയുള്ളവർക്കായി തെരച്ചിൽ തുടരുമ്പോൾ ഗംഗ ഭവനിൽ ഭാര്യയും രണ്ടു മക്കളുൾപ്പടെയുള്ള ബന്ധുക്കൾ ശ്രീരാഗിനെ പറ്റിയുള്ള വിവരങ്ങൾ അറിയാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
തേവലക്കരയിലെ നടുവിലക്കര ഗംഗ ഭവനിൽ രാധാകൃഷ്ണന്റെയും ഷീലയുടെയും മകന് ശ്രീരാഗി (36 )നെയാണ് അപകടത്തിൽ കാണാതായത്. ഇറ്റലി ആസ്ഥാനമായുള്ള സ്കോർപിയോ ഷിപ്പിംഗ് കമ്പനിയിലെ ഇലക്ട്രോ ഓഫീസറാണ് ശ്രീരാഗ്.
കഴിഞ്ഞ ഏഴ് വർഷമായി ശ്രീരാഗ് ഇവിടെയുള്ള കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. പുതിയ സ്ഥലത്തേയ്ക്ക് ജോയിൻ ചെയ്യാൻ പോകുന്ന സമയത്താണ് അപകടം എന്നാണ് വിവരം. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം.
അപകടത്തിൽപ്പെട്ട വിവരം അറിഞ്ഞ ശേഷം ഫോണിൽ ബന്ധപ്പെടാൻ ബന്ധുക്കൾ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഒരാഴ്ചയ്ക്ക് മുമ്പാണ് ലീവ് കഴിഞ്ഞ് വീട്ടിൽ നിന്നും ശ്രീരാഗ് ജോലിസ്ഥലത്തിലേക്ക് യാത്ര തിരിച്ചത്.
ശ്രീരാഗിനായി ബന്ധുക്കൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഭാര്യ: ജീത്തു. മക്കൾ : അതിഥി മോൻ, ആറ് മാസം പ്രായമായ അനശ്വർ.