ശല്യക്കാരായ 70 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു
1601301
Monday, October 20, 2025 6:26 AM IST
ആര്യങ്കാവ്: അച്ചൻകോവിൽപ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമായ വിവിധ പ്രദേശങ്ങളിൽ പന്നികളെ വെടിവെച്ചു കൊന്നു. രണ്ട് ദിവസമായി ആര്യങ്കാവ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 70 പന്നികളെയാണ് വെടിവെച്ച് കൊന്നത്.
പഞ്ചായത്ത് പ്രസിഡന്റ് സുജാ തോമസിന്റെ ഉത്തരവിനെ തുടർന്ന് വർക്കലയിലെ ലൈസൻസുള്ള അംഗീകൃത ഷൂട്ടർമാരുടെ നേതൃത്വത്തിൽ പോലീസിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് പന്നികളെ വെടിവെച്ച് കൊന്നത്.
പന്നികൾ കാർഷികവിള നശിപ്പിക്കുകയും കോഴികളെയും താറാവിനെയും കൊന്നു തിന്നുകയും വീടിനുള്ളിലും കടയ്ക്കുള്ളിലും കയറി വീട്ടുസാധനങ്ങളും കടയിലെ സാധനങ്ങളും നശിപ്പിക്കുകയുംചെയ്തിരുന്നു. കുട്ടികൾക്ക് സ്കൂളിൽ പോലും പോകാൻ പറ്റാത്ത അവസ്ഥയിലായിരുന്നു.
ജനങ്ങളുടെ പരാതിയെ തുടർന്നാണ് പഞ്ചായത്ത് നടപടിയെടുത്തത്. പഞ്ചായത്ത് ഇത് നാലാമത്തെ പ്രാവശ്യമാണ് അംഗീകൃത ഷൂട്ടർമാരെ കൊണ്ട് പന്നികളെ വെടിവയ്ക്കുന്നത്. കഴിഞ്ഞ മൂന്ന് തവണ 130ഓളം പന്നികളെ പിടിച്ചിരുന്നു .