ശങ്കരമംഗലം - കോവിൽത്തോട്ടം റോഡ് നിർമാണം പാതിവഴിയിൽ നിർത്തി; യാത്രക്കാർ ദുരിതത്തിൽ
1601302
Monday, October 20, 2025 6:26 AM IST
ചവറ: റോഡ് നിർമാണം പാതിവഴിയിൽ നിർത്തിയതിനെ തുടർന്ന് ശങ്കരമംഗലം - കോവിൽത്തോട്ടം റോഡിലൂടെയുള്ള യാത്ര ദുരിത പൂർണ മായി. ദേശീയപാതയിൽ നിന്നും ആരംഭിച്ച് കോവിൽതോട്ടം പാലത്തിന് സമീപം വരെ പോകുന്ന റോഡാണിത്. ശങ്കരമംഗലം ജംഗ്ഷനിൽ ആരംഭിക്കുന്ന സ്ഥലം തന്നെ റോഡിൽ വെള്ളക്കെട്ടാണ്.
ഈ ഭാഗത്ത് സ്കൂളിന് മുന്നിൽ ടാറിംഗ് നടന്നിട്ടില്ല. ഈ ഭാഗത്തെ റോഡിൽ ചെറിയ കുഴികൾ രൂപപ്പെട്ടു. ഈ റോഡും മിന്നാം തോട്ടിൽ ക്ഷേത്രത്തിലേക്ക് പോകുന്ന റോഡും തമ്മിൽ കൂട്ടിയോജിപ്പിച്ചത് അശാസ്ത്രീയമായിട്ടാണ്. ഈ ഭാഗത്തെ റോഡുകൾ തകർന്ന മട്ടിലാണ്. ഇവിടെയും മഴപെയ്താൽ വെള്ളക്കെട്ട് ഉണ്ടാകുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു.
ശങ്കരമംഗലം ഹയർ സെക്കൻഡറി സ്കൂൾ, ഗേൾസ് സ്കൂൾ, കോവിത്തോട്ടം ഹയർസെക്കൻഡറി സ്കൂൾ, ലൂർദ് മാതാ സെൻട്രൽ സ്കൂൾ, ചവറ കോളജ്, കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയം, മിന്നാം തോട്ടിൽ ക്ഷേത്രം, കാട്ടിൽ മേക്കതിൽ ക്ഷേത്രം, കാമൻകുളങ്ങര ക്ഷേത്രം, വിവിധ സർക്കാർ ഓഫീസുകൾ, ദേശീയപാതയിലേക്ക് വന്ന് അവിടെ നിന്നും വിവിധ ഭാഗങ്ങളിലേക്ക് പോകുന്നവർ ഉൾപ്പെടെ നിരവധി പേർ സഞ്ചരിക്കുന്ന റോഡാണ് ഇത്.
ബന്ധപ്പെട്ടവർ ഇടപെട്ട് ശങ്കരമംഗലം സ്കൂളിന് മുന്നിലുള്ള ഭാഗം ടാർ ചെയ്യാനും മിന്നാംതോട്ടിലേക്ക് പോകുന്ന ഭാഗത്തെ റോഡും ഈ റോഡും തമ്മിൽ സംഗമിക്കുന്ന ഭാഗം നികത്തി ടാർ ലെവൽ ചെയ്യണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.