മാലിദ്വീപിലെ ഇന്ത്യാക്കാര്‍ക്ക് നാട്ടിലേക്ക് പണം അയക്കാനുള്ള തടസം ഒഴിവാക്കണമെന്ന്
1601296
Monday, October 20, 2025 6:20 AM IST
കൊല്ലം : മാലിദ്വീപില്‍ ജോലി ചെയ്യുന്ന ഇന്ത്യാക്കാരുടെ വരുമാനം ഇന്ത്യയിലേയ്ക്ക് അയക്കുന്നതിനു ഏര്‍പ്പെടുത്തിയിരിക്കുന്ന തടസം അടിയന്തിരമായി ഒഴിവാക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി ആവശ്യപ്പെട്ടു. മാലിദ്വീപിലെ വിദേശ നാണയ വിനിമയ നയത്തിലെ മാറ്റങ്ങള്‍ മൂലം മാലിദ്വീപില്‍ ജോലി ചെയ്യുന്ന ഇന്ത്യാക്കാര്‍ക്ക് നാട്ടിലേയ്ക്ക് പണം അയക്കുവാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
എസ്ബിഐ മുഖാന്തിരം നേരത്തെ 800 ഡോളര്‍ മാലിദ്വീപിലെ ഇന്ത്യാക്കാര്‍ക്ക് നാട്ടിലേക്ക് അയക്കാന്‍ കഴിയുമായിരുന്നു.
നിലവില്‍ അത് 150 യുഎസ് ഡോളറായി കുറച്ചിരിക്കുകയാണ്. ജോലി ചെയ്ത് ലഭിക്കുന്ന വരുമാനം നാട്ടിലേക്ക് അയക്കാന്‍ കഴിയാതെ മാലിദ്വീപില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ ബുദ്ധിമുട്ടുകയാണ്.
ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് കൂടുതല്‍ തുക അയക്കാന്‍ കഴിയുന്ന തരത്തില്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ എസ്ബിഐക്ക് നിര്‍ദേശം നല്‍കണമെന്നാണ് എന്‍.കെ.പ്രേമചന്ദ്രന് എംപി ആവശ്യപ്പെട്ടിരിക്കുന്നത്.