ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പ്രവേശനോത്സവം വിവിധ പഠനകേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു
1601303
Monday, October 20, 2025 6:26 AM IST
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വിവിധ യുജി/ പിജി പ്രോഗ്രാമുകളിൽ ഈ അധ്യയന വർഷം പ്രവേശനം നേടിയ 22000 ത്തോളം പഠിതാക്കൾക്കുള്ള പ്രവേശനോത്സവം കേരത്തിലെ എല്ലാ ജില്ലകളിലുമുള്ള പഠന കേന്ദ്രങ്ങളിൽ നടന്നു. ഈ അധ്യയന വർഷത്തെ അഡ്മിഷനോടെ യൂണിവേഴ്സിറ്റയിലെ പഠിതാക്കളുടെ എണ്ണം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ പഠിതാക്കളുടെ എണ്ണം 76000 കടന്നു.
ഏറ്റവും കൂടുതൽ പഠിതാക്കൾ ഈ വർഷം അഡ്മിഷൻ നേടിയത് കോഴിക്കോട് റീജിയണൽ കേന്ദ്രത്തിലെ വിവിധ പഠന കേന്ദ്രങ്ങളിലാണ്. 8000 ത്തോളം പഠിതാക്കളാണ് ഇത്തവണ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ലേണർ സപ്പോർട്ട് സെന്ററുകളിൽ അഡ്മിഷൻ നേടിയത്.
56 പഠന കേന്ദ്രങ്ങൾ നിലയിൽ യൂണിവേഴ്സിറ്റിക്കുണ്ട്.കഴിഞ്ഞ വർഷം വരെ 23 പഠന കേന്ദ്രങ്ങളായിരുന്നു ഉണ്ടായിരുന്നത്.
കേരളത്തിലെ വിവിധ ജില്ലകളിൽ നടന്ന പ്രവേശനോത്സവത്തിൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രഫ. ഡോ. വി.പി. ജഗതി രാജ് ,സിൻഡിക്കേറ്റ് അംഗങ്ങൾ, രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ,വിവിധ പഠന സ്കൂൾ മേധാവികൾ, യൂണിവേഴ്സിറ്റി ഓഫീസർമാർ, അസിസ്റ്റന്റ് പ്രഫസർമാർ പഠിതാക്കളെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു.
ബിഎസ് സി ഡേറ്റ് സയൻസ് ആന്ഡ് അനലറ്റിക്സ്, ബി എ നാനോ എന്റർപ്രണുർഷിപ് തുടങ്ങിയ നൂതന പ്രോഗ്രാമുകളും യൂണിവേഴ്സിറ്റിയിലുണ്ട്. ഇത്തവണ പോസ്റ്റൽ വകുപ്പിന്റെ സഹായത്തോടെ പഠിതാക്കൾക്ക് പഠനസാമഗ്രികൾ നേരിട്ട് വീടുകളിൽ എത്തിക്കുകയാണ് യൂണിവേഴ്സിറ്റി ചെയ്യുന്നത്. കൂടാതെ എസ് എൽ എമ്മിന്റെ പിഡിഎഫ് കൂടി ലഭിക്കും. എഐ ടൂളുകളുടെ സഹായത്തോടെ പഠിതാക്കൾക്ക് മാതൃ ഭാഷയിലേക്ക് ഇവ പരിഭാഷപ്പെടുത്തുവാൻ സാധിക്കും.
ഇത് പഠനത്തെ കൂടുതൽ എളുപ്പമാക്കും. പരീക്ഷാ ഫലപ്രഖ്യാപനം സമയബന്ധിതമായി നടത്തുവാൻ ഓൺ സ്ക്രീൻ വാല്യൂവേഷൻ അടക്കം നൂതന സാങ്കേതിക വിദ്യകൾ യൂണിവേഴ്സിറ്റി നടപ്പിലാക്കുന്നുണ്ട്. എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അധ്യയനം സുഗമമാക്കുന്ന ഡിജി ഗുരു ഈ വർഷം മുതൽ പഠിതാക്കൾക്ക് ലഭിക്കും. ഇതുൾപ്പെടെ യൂണിവേഴ്സിറ്റിയുടെ ബോധന രീതി, പരീക്ഷാ നടത്തിപ്പ്, പഠന ക്രമം എന്നിവ ഉൾപ്പെടെ യൂണിവേഴ്സിറ്റിയെ പരിചയപ്പെടുത്തുന്ന എല്ലാ വിവരങ്ങളും ഇൻഡക്ഷൻ പ്രോഗ്രാമിൽ വിശദീകരിച്ചു.
പഠിതാക്കൾക്ക് സംശയനിവാരണത്തിനും അവസരമുണ്ടായിരുന്നു. പ്രായപരിധിയോ മാർക്ക് മാനദണ്ഡമോ ഇല്ലാതെ അർഹരായ പഠിക്കാൻ താല്പര്യമുള്ള എല്ലാവർക്കും പഠിക്കാൻ അവസരം ഒരുക്കുന്നു എന്നുള്ളതാണ് ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സ്വീകാര്യത കൂട്ടുന്നത്.