ജെഇഇ പരീക്ഷ: അപേക്ഷയോടൊപ്പം അമ്മയുടെ പേരുളള ആധാര്‍ കാർഡ് മതിയാകും
1600736
Saturday, October 18, 2025 5:29 AM IST
കൊല്ലം: കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന ജെഇഇ (ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്) മെയിനിന് അപേക്ഷയോടൊപ്പം പരീക്ഷാർഥിയുടെ അമ്മയുടെ പേരുളള ആധാര്‍ കാർഡ് മതിയാകുമെന്നു എൻ.കെ. പ്രേമചന്ദ്രൻ എംപി.
2025 സെപ്റ്റംബര്‍ 29ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പ്രസിദ്ധീകരിച്ച നോട്ടീസ് പ്രകാരം പരീക്ഷാർഥിയുടെ അച്ഛന്റെ പേര് ഉള്‍പ്പെട്ട ആധാര്‍ കാര്‍ഡ് അപേക്ഷയോടൊപ്പം അയക്കണമെന്നാണ് വ്യവസ്ഥ ചെയ്തിരുന്നത്. പരീക്ഷയ്ക്കായി തയാറെടുക്കുന്ന നിരവധി വിദ്യാർഥികൾക്കും രക്ഷകര്‍ത്താക്കള്‍ക്കും ആശങ്കയും ആശയകുഴപ്പവും ഉണ്ടായി.
യുണീക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യയുടെ വ്യവസ്ഥകള്‍ പ്രകാരം ആധാര്‍ കാര്‍ഡില്‍ അച്ഛന്റെ പേര് ഉള്‍പ്പെടുത്തുവാനുളള പ്രത്യേകമായ വ്യവസ്ഥയില്ല. ആധാറില്‍ അച്ഛന്റെയോ അമ്മയുടെയോ രക്ഷകര്‍ത്താവിന്റെയോ ഭര്‍ത്താവിന്റെയോ ഭാര്യയുടെയോ പേര് കെയര്‍ ഓഫായി രേഖപ്പെടുത്താനാണ് വ്യവസ്ഥ.