പ്രസവ ചികിത്സയ്ക്കിടെ യുവതി മരിച്ചു; താലൂക്ക് ആശുപത്രിയുടെ അനാസ്ഥയെന്ന് ബന്ധുക്കൾ
1601299
Monday, October 20, 2025 6:20 AM IST
തേവലക്കര: പ്രസവ ചികിത്സയ്ക്കിടെ യുവതി മരിച്ചതില്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കൾ. കൊല്ലം തേവലക്കര സ്വദേശി ജാരിയത്താണ് മരിച്ചത്. താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
അനസ്തേഷ്യയയില് പിഴവുണ്ടായെന്നാണ് പരാതി. ഗുരുതരാവസ്ഥയിലായ യുവതിയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഇന്നലെ രാവിലെയാണ് 22കാരിയായ ജാരിയത്ത് മരിച്ചത്.
വണ്ടാനം മെഡിക്കൽ കോളജിലെ ആശുപത്രിക്ക് മുന്നിൽ ബന്ധുക്കൾ ഇന്നലെ ഉച്ചയോടെ പ്രതിഷേധിച്ചു.തങ്ങൾക്ക് ചികിത്സാപ്പിഴവുണ്ടായില്ലെന്നാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി അധികൃതർ പറയുന്നത്. പ്രസവം സിസേറിയനായിരുന്നു. അനസ്തീസിയയ്ക്ക് ഒരു ഡോക്ടറാണ് കരുനാഗപ്പള്ളി ആശുപത്രിയിൽ ഉള്ളത്.
ഈ ഡോക്ടർ ഇന്നലെ ഇല്ലാതിരുന്നതിനാൽ കുണ്ടറ താലൂക്ക് ആശുപത്രിയിൽ നിന്ന് അനസ്തേഷ്യ ഡോക്ടറെ എത്തിക്കുകയായിരുന്നു.
പ്രസവശേഷം തിയറ്ററിൽ നിന്ന് മാറ്റി ഒന്നര മണിക്കൂറിനു ശേഷം യുവതിയുടെ ബിപി കുറഞ്ഞെന്നും എത്ര ശ്രമിച്ചിട്ടും സാധാരണ നിലയിലേക്ക് കൊണ്ടുവരാനായില്ലെന്നുമാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി അധികൃതരുടെ വിശദീകരണം.
തുടർന്നാണ് വണ്ടാനത്തേക്ക് റഫർ ചെയ്യുന്നത്. 108 ആംബുൻസിലാണ് വണ്ടാനത്തേക്ക് കൊണ്ടു പോയത്. കാർഡിയോ മയോപ്പതിയാകാം മരണ കാരണമെന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്നും ആശുപത്രി അധികൃതർ പറഞ്ഞു.