മര്‍ച്ചന്റ് നേവിയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസ്; പ്രതി അറസ്റ്റില്‍
1601553
Tuesday, October 21, 2025 3:32 AM IST
അഞ്ചല്‍ : മര്‍ച്ചന്റ് നേവിയില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍. അഞ്ചല്‍ അഗസ്ത്യാക്കോട് സ്വദേശിയായ ആരോമലില് നിന്നും മൂന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് കാസര്‍ഗോഡ് പെര്‍ള സ്വദേശി അഹമ്മദ് അസ്ബക്ക് പിടിയിലായത്.
സുഹൃത്ത് പറഞ്ഞതിന് പ്രകാരം 2023 ലാണ് ആരോമല്‍ അഹമ്മദ് അസ്ബക്കുമായി ബന്ധപ്പെടുന്നത്. ഇന്ത്യക്കകത്തും വിദേശത്തും മര്‍ച്ചന്റ് നേവിയില്‍ ജോലി തരപ്പെടുത്തി നല്‍കാം എന്നും ഇതിനായി വിസ, ടിക്കറ്റ്, പ്രോസസിങ് ചാര്‍ജ് ഉള്‍പ്പടെ മൂന്നര ലക്ഷം രൂപയാകുമെന്നും അസ്ബക്ക് അറിയിച്ചു. ഇതേ തുടര്‍ന്നു പലതവണകളിലായി മൂന്നര ലക്ഷം രൂപ ഇയാള്‍ കൈപ്പറ്റി.
പിന്നീട് യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെലിബ്രേറ്റി എക്സ് ക്രൂയിസ് എന്ന കപ്പലില്‍ ജോലി ശരിയായിട്ടുണ്ടെന്നും എത്രയുംപെട്ടന്നു ജോലിയില്‍ പ്രവേശിക്കണം എന്നും അറിയിച്ചു. ഉടന്‍ ജോലിക്കു കയറാനുള്ള രേഖകളും, വിസയും എത്തുമെന്നും പറഞ്ഞ പ്രതി വിശ്വാസത്തിനായി വിമാന ടിക്കറ്റും നല്കി.
എന്നാല്‍ ചില സംശയങ്ങള്‍ തോന്നിയ ആരോമല്‍ ടിക്കറ്റുമായി ബന്ധപ്പെട്ടു നടത്തിയ പരിശോധനയില്‍ ഇത് കാന്‍സല്‍ ചെയ്തതായി മനസിലാക്കി. പിന്നീട് പലതവണ പ്രതിയെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഫോണ്‍ എടുത്തില്ല എന്നു മാത്രമല്ല പിന്നീട് സിം കാര്‍ഡ് തന്നെ മാറ്റുകയും ചെയ്തു. ഇതോടെ ഇക്കഴിഞ്ഞ ജൂണില്‍ ആരോമല്‍ അഞ്ചല്‍ പോലീസില്‍ പരാതി നല്കി.
പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഇയാള്‍ മുംബൈയിലേക്ക് മുങ്ങി. എന്നാല്‍ കഴിഞ്ഞ ദിവസം രഹസ്യമായി നാട്ടിലെത്തിയ പ്രതിയെ അഞ്ചല്‍ പോലീസ് തന്ത്രപരമായി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അഹമ്മദ് അസ്ബക്ക് കേരളത്തിലെ വിവിധ ഇടങ്ങളിൽ സമാനമായി തട്ടിപ്പ് നടത്തി പലരില്‍ നിന്നുമായി ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
തട്ടിപ്പ് കേസില്‍ അറസ്റ്റിലായി റിമാന്റിലും കഴിഞ്ഞിട്ടുള്ള പ്രതി ജാമ്യത്തിലറങ്ങി വീണ്ടും തട്ടിപ്പ് നടത്തുകയും ഒളിവില്‍ പോവുകയുമായിരുന്നു. അഞ്ചല്‍ എസ്എച്ച്ഒ ഹരീഷ്, എസ്ഐ പ്രജീഷ്കുമാര്, എഎസ്ഐ വിനോദ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് കാസര്‍കോട് നിന്നും പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു .