നഗരത്തിൽ ഓൺലൈൻ ഓട്ടോസർവീസിനു തുടക്കം
1601543
Tuesday, October 21, 2025 3:32 AM IST
കൊല്ലം: നഗരത്തിൽ ഓൺലൈൻ ഓട്ടോറിക്ഷാ സർവീസിനു തുടക്കമായി. അർധരാത്രിയിലും അസമയങ്ങളിലും റെയിൽവേസ്റ്റേഷനിലും ബസ് സ്റ്റാൻഡുകളിലും വന്നിറങ്ങുന്നവർക്ക് ഇനി സുരക്ഷിതമായും നിർഭയമായും ഓട്ടോറിക്ഷയിൽ സഞ്ചരിക്കാമെന്നതാണ് സർവീസിന്റെ പ്രത്യേകത. രാജ്യത്തെ മെട്രോപൊളിറ്റൻ നഗരങ്ങളിൽ വിജയകരമായി പരീക്ഷിച്ച " ജുഗ്നൂ " മൊബൈൽ ആപ്പ് വഴിയാണ് സേവനം ലഭ്യമാക്കുന്നത്.
ഓട്ടോറിക്ഷ ആവശ്യമുള്ളവർ മൊബൈൽ ഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്യണം. പിന്നെ കാര്യങ്ങൾ വളരെ എളുപ്പമാണ്. ഓട്ടോറിക്ഷയുടെ സേവനം ആവശ്യമുള്ളവർ ആദ്യം ആപ്പ് തുറക്കണം. അപ്പോൾ തന്നെ യാത്രക്കാരന്റെ ജിപിഎസ് ലോക്കേഷൻ അറിയാം. പിന്നീട് റൈഡ്സ് (ഓട്ടം) എന്ന ബട്ടൺ അമർത്തണം. ഉടൻ തന്നെ ഈ ആപ്പ് ഉപയോഗിക്കുന്ന സമീപത്തെ ഡ്രൈവർമാരെ ആപ്പ് വഴി നേരിട്ടു ബന്ധപ്പെടും.യാത്രയുടെ അവസാനം ആപ്പ് തന്നെ നിരക്ക് കണക്കാക്കി അറിയിക്കും.
കൊല്ലം നഗരത്തിൽ ഈ ആപ്പ് വഴി ബുക്ക് ചെയ്യുന്ന ആദ്യ രണ്ടുയാത്രകൾക്ക് 50 ശതമാനം നിരക്ക് ഇളവും അനുവദിച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ നഗരത്തിൽ ഓൺലൈൻ ടാക്സി സർവീസുകളും ബൈക്ക് സേവനങ്ങളും ആരംഭിക്കാനും ജുഗ്നുവിനു പദ്ധതിയുണ്ട്. അടുത്ത ഘട്ടത്തിൽ ഓൺലൈൻ ഡെലിവറി സേവനങ്ങളും ആരംഭിക്കും.