കോടിയേരി: കൊട്ടാരക്കരയ്ക്കും കരുതൽ നൽകിയ നേതാവ്
1227023
Sunday, October 2, 2022 11:24 PM IST
പി.ഏ. പത്മകുമാർ
കൊട്ടാരക്കര: കോടിയേരി ബാലകൃഷ്ണൻ, കൊട്ടാരക്കരക്കും കരുതൽ നൽകിയ വ്യക്തിയായിരുന്നു. ഭരണാധികാരി, പാർട്ടി നേതാവ് എന്നീ നിലകളിൽ കൊട്ടാരക്കരക്ക് സ്നേഹ സമ്മാനങ്ങൾ നൽകിയിട്ടുള്ള അദ്ദേഹം ഈ നാടിനും പ്രീയപ്പെട്ടവനായിരുന്നു.
കോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കെയാണ് കൊല്ലം പോലീസ് ജില്ല വിഭജിച്ച് കൊട്ടാരക്കര ആസ്ഥാനമാക്കി റൂറൽ ജില്ല രൂപീകരിക്കുന്നത്. വിവിധ ആവശ്യങ്ങൾക്ക് ദൂരങ്ങൾ താണ്ടി ജില്ലാ ആസ്ഥാനത്തെത്തേണ്ടുന്ന സ്ഥിതിവിശേഷമാണുണ്ടായിരുന്നത്. ഇതിന് മാറ്റമുണ്ടായത് റൂറൽ ജില്ല നിലവിൽ വന്ന ശേഷമാണ്. ആസ്ഥാനം കൊട്ടാരക്കരയാക്കിയത് നാടിനുള്ള സമ്മാനവും. റൂറൽ ജില്ലയുടെ ഉദ്ഘാടനം നിർവഹിച്ചതും കെട്ടിടം നിർമിക്കാൻ ഫണ്ടനുവദിച്ചതും അദ്ദേഹമായിരുന്നു.
ദേശീയപാതയും എംസി റോഡും കടന്നു പോകുന്ന കൊട്ടാരക്കരയുടെ വലിയ പോരായ്മയായിരുന്നു ഫയർസ്റ്റേഷൻ ഇല്ല എന്നത്. അത്യാവശ്യ സന്ദർഭങ്ങളിൽ ഫയർ ഫോഴ്സ് സേവനങ്ങൾ ലഭ്യമായിരുന്നത് അടൂർ, കുണ്ടറ, പുനലൂർ എന്നിവിടങ്ങളിൽ നിന്നായിരുന്നു. ദൂരക്കൂടുതൽ കാരണം വാഹനങ്ങൾ ഓടിയെത്തുന്നതിന് താമസം നേരിടുകയും അപകടത്തിന്റെ വ്യാപ്തി വർധിക്കുകയും ചെയ്യുക പതിവായിരുന്നു. ഇതിന് പരിഹാരമെന്ന നിലയിൽ കൊട്ടാരക്കര കേന്ദ്രീകരിച്ച് ഫയർസ്റ്റേഷൻ ആരംഭിക്കുന്നത് കോടിയേരി മന്ത്രിയായിരിക്കുമ്പോഴാണ്. അദ്ദേഹം ഉദ്ഘാടന പ്രസംഗം നടത്തികൊണ്ടിരിക്കെ, തീ പിടുത്തമുണ്ടായ സ്ഥലത്തു നിന്ന് സേവനമാവശ്യപ്പെട്ട് വിളിയെത്തിയത് അന്ന് കൗതുകമുണർത്തിയിരുന്നു.
നശിച്ചു കിടന്നിരുന്ന ഗണപതി ക്ഷേത്ര ചിറ നവീകരിക്കാൻ ഫണ്ടനുവദിച്ചതും കോടിയേരിയായിരുന്നു. ടൂറിസം വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന അദ്ദേഹം ആ വകുപ്പിൽ നിന്നാണ് ഇതിനായി തുക അനുവദിച്ചത്.
നേതാവെന്ന നിലയിൽ നിരവധി തവണ അദ്ദേഹം കൊട്ടാരക്കരയിൽ ക്യാമ്പ് ചെയ്തിട്ടുണ്ട്. കൊട്ടാരക്കരയിലെ പാർട്ടി കാര്യങ്ങളിൽ നേരിട്ട് ഇടപെട്ടിരുന്നു. വിഭാഗീയത രൂക്ഷമായിരുന്ന കൊട്ടാരക്കരയിൽ ആദ്യം താക്കീതു നൽകുകയും ഫലം കാണാതെ വന്നപ്പോൾ ഏരിയാ കമ്മിറ്റി പിരിച്ചുവിട്ട് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തത് അദ്ദേഹം നേരിട്ടായിരുന്നു.
കോടിയേരി അവസാനമായി കൊട്ടാരക്കരയിലെത്തിയത് ജില്ലാ സമ്മേളനം വാളകത്ത് നടക്കുമ്പോഴായിരുന്നു. അസുഖത്തിന്റെ കാലമായിരുന്നിട്ടും പൊതുസമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കുകയുണ്ടായി. അന്ന് താമസസ്ഥലത്ത് കൊട്ടാരക്കരയിലെ പാർട്ടി പ്രവർത്തകരെ കണ്ട് ആശയ വിനിമയം നടത്തിയിരുന്നു.