ഹിന്ദി ടിടിസിയില്‍ ഒന്നാം റാങ്ക്: നാടിന്റെ അഭിമാനമായി ഗോപിക
1227270
Monday, October 3, 2022 11:02 PM IST
അഞ്ചല്‍ : ഏരൂര്‍ പഞ്ചായത്തിലെ നെട്ടയം എന്ന കൊച്ചുഗ്രാമത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് നെട്ടയം ഗോകുലത്തില്‍ ഗോപിക ഷാജി എന്ന പതിനേഴുകാരി. ഇക്കഴിഞ്ഞ ഹിന്ദി ടിടിസി പരീക്ഷയില്‍ ഒന്നാം റാങ്കോടെ മികച്ചവിജയം നേടിയാണ് ഗോപിക നാടിനും നാട്ടുകാര്‍ക്കും അഭിമാനമായത്. മികച്ച വിജയം നേടുമെന്ന് ഉറപ്പുണ്ടായിരുന്നുവെങ്കിലും ഒന്നാം റാങ്ക് നേടിയുള്ള വിജയം പ്രതീക്ഷിച്ചിരുന്നില്ലന്നു ഗോപിക പറയുന്നു.
മകളുടെ വിജയത്തില്‍ മാതാപിതാക്കള്‍ക്കും ഏറെ സന്തോഷം. ഓട്ടോറിക്ഷ ഡ്രൈവറായ ഷാജിയുടെയും വീട്ടമ്മയായ ബിജിയുടെയും രണ്ടുമക്കളില്‍ ഇളയ മകളാണ് ഗോപിക ഷാജി.
പത്താം ക്ലാസിലും എല്ലാ വിഷയങ്ങള്‍ക്കും ഗോപിക എ പ്ലസ് നേടിയുള്ള വിജയമാണ് കൈവരിച്ചത്. വയലാ ഹയർ സെക്കൻഡറി സ്ക്കൂളിലെ പ്ലസ്ടു സയൻസ് വിഭാഗത്തിൽ വിദ്യാർഥിനിയായ ഗോപിക നെട്ടയം സര്‍ക്കാര്‍ ഹൈസ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിനിയാണ്. പ്ലസ്ടൂ പഠനത്തോടോപ്പമാണ് ഹിന്ദി ടിടിസി കൂടി പഠിക്കാന്‍ ആരംഭിച്ചത്.
പഠനത്തോടൊപ്പം ഇതര വിഷയങ്ങളിലും മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഗോപിക നാടിനു അഭിമാനമാണ് എന്നും തുടര്‍ന്നുള്ള ജീവിതത്തിലും മികച്ച വിജയം നേടാന്‍ നാട്ടുകാരുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും പ്രദേശവാസിയും പൊതുപ്രവര്‍ത്തകനുമായ മനോജ് പറഞ്ഞു. ഗോകുല്‍ കൃഷ്ണനാണ് ഗോപികയുടെ സഹോദരന്.