മകനൊപ്പം ബൈക്കിൽ പോയ വീട്ടമ്മ വീണ് മരിച്ചു
1247257
Friday, December 9, 2022 1:15 AM IST
ചവറ: കാറ്ററിംഗ് സർവീസ് നടത്തുന്നതിനായി മകനൊപ്പം ബൈക്കിൽ പോയ വീട്ടമ്മ വീണ് മരിച്ചു. പന്മന ചിറ്റൂർ പുത്തൻപുര കിഴക്കതിൽ (ഗോകുലം) ശോഭ (46) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാവിലെ 8.30 ന് ആലപ്പുഴ തൃക്കുന്നപ്പുഴ തറയിൽ ജംഗ്ഷനിലാണ് സംഭവം. ഇളയ മകനൊപ്പം ബൈക്കിൽ പോകവേ ബൈക്കിൽ കാല് വയ്ക്കുന്ന ഭാഗം ഒടിഞ്ഞതിനെ തുടർന്ന് തെറ്റി റോഡിലേക്ക് തലയടിച്ച് വീഴുകയായിരുന്നു.
വീഴ്ച്ചയിൽ രക്തം വാർന്ന് 15 മിനിറ്റോളം റോഡിൽ കിടന്ന ശോഭയെ അതുവഴി വന്ന മത്സ്യവണ്ടിക്കാരൻ എടുത്ത് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയിൽ ആംബുലൻസ് എത്തുകയും ഉടൻ തന്നെ ഇവരെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും രാവിലെ 10.30 യോടെ മരിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളിയായ ഗോപകുമാർ ഭർത്താവാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ശോഭയുടെ സഹോദരൻ രാധാകൃഷ്ണന്റെ വസതിയിൽ നടക്കും. മക്കൾ: ഗോകുൽ, രാഹുൽ.