ആയൂർ മാർത്തോമ്മാ കോളജിൽ എൻഎസ്എസ് വിജയാഘോഷം നടത്തി
1262231
Wednesday, January 25, 2023 11:27 PM IST
കൊല്ലം: ആയൂർ മാർത്തോമ്മാ കോളജിൽ തിളക്കം-നാഷണൽ സർവീസ് സ്കീം വിജയാഘോഷ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ ഉദ്ഘാടനം ചെയ്തു. യുവജനങ്ങളുടെ കർമശേഷി സാമൂഹിക വികാസത്തിന് കാരണമാകുമ്പോഴാണ് സമൂഹം പുരോഗതിയുടെ പാതയിൽ സഞ്ചരിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.
കേരള യൂണിവേഴ്സിറ്റിയിലെ ഏറ്റവും മികച്ച ഓവറോൾ യൂണിറ്റിനുള്ള അവാർഡ് ആണ് ആയൂർ മാർത്തോമ്മാ കോളജ് നാഷണൽ സർവീസ് സ്കീം യൂണിറ്റിന് ലഭിച്ചത്. ആദരിക്കൽ സമ്മേളനത്തിൽ കോളേജ് മാനേജർ ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്താ അധ്യക്ഷനായിരുന്നു. ചടങ്ങിൽ കേരള യൂണിവേഴ്സിറ്റിയുടെ നാഷണൽ സർവീസ് സ്കീമിന്റെ ഏറ്റവും മികച്ച പ്രോഗ്രാം ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട ജോൺ ഈപ്പനേയും മികച്ച വോളന്റിയറായി തെരഞ്ഞെടുക്കപ്പെട്ട സന്ദീപ് എസ്.നടരാജനേയും ആദരിച്ചു. കേരള യൂണിവേഴ്സിറ്റി ബിഎസ് സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ എൻഎസ്എസ് വോളന്റിയർ ഐശ്വര്യ പി.വി യെ അനുമോദിച്ചു. കേരള സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ ഡോ.എം. വിജയൻ പിള്ള, നാഷണൽ സർവീസ് സ്കീം ജില്ലാ കോർഡിനേറ്റർ ഡോ.ജി.ഗോപകുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്തംഗം റീജാ ഷെഫീക്ക്, റവ.ഡാനിയേൽ വർഗീസ്, ഡോ.ജോസഫ് മത്തായി, ഡോ.കെ. ഡാനിയേൽ കുട്ടി, എം.ഏബ്രഹാം, ഡോ. ഷാജി ജോൺ,ഷനു തോമസ്, ജോൺ ഈപ്പൻ, സന്ദീപ് എസ്.നടരാജ് എന്നിവർ പ്രസംഗിച്ചു.