നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തി
1263077
Sunday, January 29, 2023 10:35 PM IST
കട്ടപ്പന: നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തി. മാർക്കറ്റ് റോഡിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലോഡ്ജുകളിൽനിന്നു ഉൾപ്പടെയാണ് ഹാൻസ് പോലെയുള്ള നിരോധിത പുകയില വസ്തുക്കൾ കണ്ടെത്തിയത്. പെട്ടന്നു പിടിക്കപ്പെടാതിരിക്കാൻ പത്രക്കടലാസിൽ വെറ്റിലയ്ക്കുള്ളിലാണ് പാൻമസാലകൾ ഒളിപ്പിച്ചിരുന്നത്.
നിർദേശം അവഗണിച്ച് വീണ്ടും പ്രവർത്തിച്ച പാൻമസാല കടകളും ഹെൽത്ത് ഇൻസ്പെക്ടർ അറ്റ്ലി പി. ജോണിന്റെ നേതൃത്വത്തിലുള്ള സംഘം ഒഴിപ്പിച്ചു. ഏതാനും ദിവസം മുന്പ് മാർക്കറ്റിനുള്ളിൽ മത്സ്യവ്യാപാരിയുടെ പേരിലുള്ള ഗോഡൗണിൽനിന്നു പ്ലാസ്റ്റിക് ചാക്കിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില വസ്തുക്കൾ കണ്ടെത്തിയിരുന്നു.
കട്ടപ്പനയിലെ ചില വ്യാപാരികളുടെ മേൽനോട്ടത്തിലാണ് ഇതരസംസ്ഥാന തൊഴിലാളികൾ പാൻ മസാല കച്ചവടം നടത്തുന്നതെന്നു വ്യക്തമായിരുന്നു. നിരോധിത പുകയില ഉത്പന്നങ്ങൾക്കു പുറമെ ലഹരിമരുന്നുകളുടെ കാരിയർമാരായും ഇതരസംസ്ഥാന തൊഴിലാളികൾ പ്രവർത്തിക്കുന്നുണ്ടെന്നാണു സൂചന. മാർക്കറ്റിനുള്ളിൽ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ കഞ്ചാവ് വില്പന തകൃതിയായി നടക്കുന്നതായും വിവരമുണ്ട്.
ഇന്നലെ നടന്ന പരിശോധനയിൽ ജെഎച്ച്ഐമാരായ ജി. സൗമ്യനാഥ്, കെ.എസ്. അനുപ്രിയ എന്നിവരും പങ്കെടുത്തു.
വാർഷിക സമ്മേളനം
ഇടവെട്ടി: കേരള പുലയർ മഹാസഭ ഇടവെട്ടി ശാഖ വാർഷിക സമ്മേളനം നടത്തി. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി.സി. ശിവൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.കെ. ബാബു അധ്യക്ഷത വഹിച്ചു. സുരേഷ്കണ്ണൻ, പി.കെ. ചന്ദ്രൻ, ഉഷ സോമൻ, പി.എ. ചന്ദ്രൻ, കെ.ജി. സോമൻ, എ.എസ്. ശരത് എന്നിവർ പ്രസംഗിച്ചു.