കോഴിയിറച്ചി വില വരുതിയിലാക്കാന്‍ പദ്ധതികള്‍ ആവിഷ്കരിക്കും: മന്ത്രി ചിഞ്ചു റാണി
1278745
Saturday, March 18, 2023 11:25 PM IST
കൊല്ലം: ഇതരസംസ്ഥാന ലോബികള്‍ കൈയടക്കിയ ഇറച്ചിക്കോഴി രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടു പദ്ധതി തയാറാക്കിക്കഴിഞ്ഞുവെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു. ജില്ലാതല കര്‍ഷക അവാര്‍ഡുകള്‍ കൊട്ടിയം മൃഗ സംരക്ഷണ കേന്ദ്രത്തില്‍ വിതരണം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.കോഴിയിറച്ചിയുടെ വില തോന്നുംപോലെ വര്‍ധിപ്പിക്കുന്ന പ്രവണതയുണ്ട്. കോയമ്പത്തൂരും നാമക്കല്ലും പല്ലടത്തും ദിണ്ടിഗല്ലമൊക്കെയുള്ള കുത്തകകളാണ് കേരളത്തിലെ ഇറച്ചി വില തീരുമാനിക്കുന്നത്.
ആ സ്ഥിതിയ്ക്ക് മാറ്റം വരുത്തേണ്ടതുണ്ട്. ആദ്യഘട്ടത്തില്‍ ആയിരത്തോളം ഇറച്ചിക്കോഴി ഫാമുകള്‍ കേരളത്തില്‍ സ്ഥാപിക്കും. ഇറച്ചി സംസ്കരണ പ്ലാന്റുകള്‍, അവശിഷ് ടങ്ങള്‍ മൂല്യവര്‍ധിത ഉല്പന്നങ്ങളാക്കുന്ന യൂണിറ്റുകള്‍, ബ്രോയ് ലര്‍ ബ്രീഡിംഗ് ഫാമുകള്‍ കുടുംബശ്രീയുടെ വിപണന കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ കേരള ബ്രാൻഡില്‍ ചിക്കന്‍ പുറത്തിറക്കും.
ഇതിനായി 65.82 കോടിയുടെ പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയില്‍ കൂടുതല്‍ ക്ഷീരഗ്രാമങ്ങള്‍ സ്ഥാപിക്കും. പുറത്തു നിന്നു വരുന്ന കാലികളെ പാര്‍പ്പിക്കാന്‍ പത്തനാപുരത്തെ പന്തപ്ലാവില്‍ ക്വാറന്റൈന് കേന്ദ്രവും കന്നുകുട്ടികള്‍ക്ക് തീറ്റ നല്കുവാന് കര്‍ഷകര്‍ക്ക് ധനസഹായവും നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.