പോളച്ചിറയിൽ കക്കൂസ് മാലിന്യം ഉപേക്ഷിച്ച നിലയിൽ
1279430
Monday, March 20, 2023 11:11 PM IST
ചാത്തന്നൂർ: പോളച്ചിറ ഏലായിൽ കക്കുസ് മാലിന്യങ്ങൾ നിക്ഷേപിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ടാങ്കർ ലോറിയിൽ കൊണ്ട് വന്ന് തള്ളിയതെന്ന് കരുതുന്നു. രാവിലെ വലിയ ദുർഗന്ധം വമിച്ചതോടെ സമീപവാസികളും വഴിയാത്രക്കാരും നടത്തിയ പരിശോധനയിൽ ആണ് രണ്ട് ഇടങ്ങളിലായി മാലിന്യം തള്ളിയതായി കണ്ടെത്തിയത്.
ബണ്ട് എക്രോസ് റോഡിലെ വലിയ പാലത്തിന് സമീപമാണ് മാലിന്യങ്ങൾ കണ്ടെത്തിയത്. തുടർന്ന് വഴിയാത്രക്കാർ ആണ് അടുത്തുള്ളവരെയും ചിറക്കര ഗ്രാമപഞ്ചായത്ത് അധികൃതരെയും പരവൂർ പോലീസിനെയും വിവരം അറിയിച്ചത്. കഴിഞ്ഞ ആറ് മാസക്കാലമായി ഇടവിട്ട് കക്കൂസ് മാലിന്യം ഈ പ്രദേശത്ത് നിക്ഷേപിക്കാറുണ്ട്. ഇത് ഏട്ടാം തവണയാണെന്ന് നാട്ടുകാർ പറഞ്ഞു.
നമ്പർ പതിക്കാത്ത ടാങ്കർ ലോറിയിൽ മാരകായുധങ്ങളുമായാണ് സംഘം സഞ്ചരിക്കുന്നത്. കൂടാതെ മാലിന്യം ഒഴിക്കാനുദ്ദേശിക്കുന്ന പ്രദേശത്തെ വിവരങ്ങൾ യഥാസമയം അറിയിക്കുന്നതിനായി മാസ്കും ഹെൽമെറ്റും ധരിച്ച് നമ്പർ പ്ലേറ്റില്ലാത്ത ബൈക്കുകളിലായി സംഘാംഗങ്ങൾ വാഹനത്തിന് മുന്നിലുണ്ടാവും.
ശുദ്ധജല മത്സ്യം ലഭിക്കുന്ന പോളച്ചിറയും പരിസരവും മലീനസമാകുന്നതിൽ നാട്ടുകാർ ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. പോലിസ് പട്രോളിംഗ് ശക്തമാക്കി ടാങ്കർ ലോറികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
പോളച്ചിറയിലും മറ്റ് പൊതു ഇടങ്ങളിലും രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തി മാലിന്യങ്ങൾ തള്ളുന്ന സംഭവം സ്ഥിരമായി മാറുകയാണ്. കക്കൂസ് മാലിന്യം അടക്കം ടാങ്കർ ലോറികളിൽ കൊണ്ടുവന്ന് പുഴകളിലും നഗരത്തിലെ ഓടകളിലും ഒഴുക്കികളയുന്ന സംഭവങ്ങൾ ഇതിനുമുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അടുത്തിടെ വാഹന സർവീസ് സ്റ്റേഷനിൽ നിന്നും ഉള്ള കെമിക്കൽ മാലിന്യം കൊണ്ട് തള്ളിയിരുന്നു. എന്നിട്ടും പോലീസും ചിറക്കര പഞ്ചായത്ത് അധികാരികളും മൗനം പാലിക്കുകയാണ് ചെയ്തത്.
രാത്രിയില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ സ്പെഷൽ സ്ക്വഡ് രൂപീകരിച്ചു കൊണ്ട് പ്രവർത്തനം ആരംഭിക്കണം. കക്കൂസ് മാലിന്യം ഓടകളിൽ നിക്ഷേപിക്കുന്നവർക്കെതിരെയും അനധികൃതമായി അറവുമാലിന്യം വഴിയോരങ്ങളിൽ തള്ളുന്നവരെയും പിടികൂടുണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.