കൊല്ലം: കഴിഞ്ഞ ഏഴ് വര്‍ഷക്കാലയളവില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല വന്‍ പുരോഗതി കൈവരിച്ചുവെന്ന് മന്ത്രി കെ. എന്‍ ബാലഗോപാല്‍. അധ്യായന വര്‍ഷ ആരംഭത്തോടനുബന്ധിച്ച് കൊട്ടാരക്കര മണ്ഡത്തിലെ വിവിധ സ്കൂളുകള്‍ സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മികച്ച കെട്ടിടങ്ങള്‍, പശ്ചാത്തല സൗകര്യങ്ങള്‍, സൗജന്യ യൂണിഫോം, പുസ്തകങ്ങള്‍ എന്നിവയെല്ലാം ഒരുക്കി പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി ഉയര്‍ത്തി.
സര്‍ക്കാര്‍ സ്കൂളുകളിലേക്കുള്ള കുട്ടികളുടെ ഒഴുക്ക് ആ പുരോഗതിയെ സൂചിപ്പിക്കുന്നു. കോവിഡ് കാലയളവില്‍ വെല്ലുവിളികളെ അതിജീവിച്ച് ഡിജിറ്റല്‍ സൗകര്യങ്ങളുടെ സഹായത്തോടെ ക്ലാസുകള്‍ നടത്തി കേരളം രാജ്യത്തിന് മാതൃകയായി. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വസ്തുക്കളുടെ വ്യാപനം തടയാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് സ്കൂള്‍ ജീവനക്കാരുടെയും പി ടി എയുടെയും പിന്തുണ അനിവാര്യമാണ്. മികച്ച സമൂഹത്തെ കെട്ടിപ്പടുക്കാന്‍ മികച്ച വിദ്യാഭ്യാസത്തിലൂടെ മാത്രമേ കഴിയുള്ളുവെന്നും മന്ത്രി ഓര്‍മിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, പിടിഎ ഭാരവാഹികള്‍ തുടങ്ങിയവര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി.