എൽഡിഎഫ് യോ ഗങ്ങളിലെ ജനാവേശം കേരളത്തിനു വേണ്ടിയുള്ള തുടിപ്പ്: മുകേഷ്
1415810
Thursday, April 11, 2024 10:57 PM IST
കൊല്ലം: നമ്മുടെ നാടിന്റെ ജനാധിപത്യവും മതേതരത്വമെല്ലാം കടപുഴക്കുന്ന ഒരു വലിയ സാഹചര്യമാണ് നിലവിലുള്ളതെന്ന് കൊല്ലം പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം. മുകേഷ്.
ചവറ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തവെ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുൻ മുഖ്യമന്ത്രിയുടെ മകളുടെ വീട്ടിൽ വച്ചാണ് കോൺഗ്രസുകാരുടെ ഒരു നീണ്ട നിര ബിജെപിയിലേക്ക് കയറിയത്. ആ സഹോദരിയുടെ സഹോദരൻ പറയുന്നു 26 കഴിയട്ടെ കാണിച്ചുകൊടുക്കാമെന്ന്. മുരളീഭവനം എന്നാണ് ആ വീടിന്റെ പേര്. പക്ഷേ മുരളീഭവനത്തിൽ മുഴുക്കെ ബിജെപിക്കാരാണ്. പത്മജ വേണുഗോപാലിനെയും കെ. മുരളീധരനെയും പരോക്ഷമായി പരാമർശിച്ചു മുകേഷ് പറഞ്ഞു.
വേറെയൊരു അച്ഛൻ ഹൃദയവേദനയോടെ പറയുന്നു, എന്റെ മകൻ തോൽക്കും. അപ്പോൾ മകൻ പറയുന്നു കാലഹരണപ്പെട്ട വയസൻ അയാൾ എന്തും പറയട്ടെ എന്ന്-മുകേഷ് പറഞ്ഞു.
ഇന്നലെ ഒരാൾ പറയുന്നു എ.കെ ആന്റണിയുടെ മകൻ വലിയ കോഴ വാങ്ങിച്ചുവെന്ന്. മറ്റൊരു ന്യൂസ് വരുന്നത് ഭീഷണിപ്പെടുത്തി ബിജെപിയിലേക്ക് കൊണ്ടുപോയെന്നാണ്.
ഇത്തരത്തിലുള്ള, നമ്മുടെ നാടിന്റെ ജനാധിപത്യവും മതേതരത്വവുമെല്ലാം കടപുഴക്കുന്ന വലിയ സാഹചര്യമാണിവിടെ ഉള്ളത്. അതുകൊണ്ടാണ് ഇതു മനസിലാക്കുന്ന എല്ലാവർക്കും ആശങ്ക. എന്നാൽ ഒരാശങ്കയ്ക്കും വകയില്ല. എൽഡിഎഫ് യോഗങ്ങളിൽ ജനങ്ങൾ എത്രമാത്രം ഒത്തുകൂടി എന്നുള്ളത് തന്നെ കേരളത്തിനു വേണ്ടിയുള്ള അവരുടെ തുടിപ്പാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ കാര്യമെടുത്താൽ പഴയ ചവറയല്ല പുതിയ ചവറ. ഇത് അടികൊണ്ട ചവറയാണ്, പത്ത് കൊല്ലമായി അടികൊണ്ട ചവറ. ചവറയിലെ ജനങ്ങൾ ഇക്കുറി പകരം വീട്ടും എന്ന തരത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
തേവലക്കര കക്കുരിക്കൽ എത്തിയപ്പോൾ മാവേലിക്കര എംഎൽഎ എംഎസ് അരുൺകുമാർ മുകേഷിനെ സ്വീകരിക്കാനെത്തി.
രാമൻകുളങ്ങരയിൽ നിന്നാണ് പ്രചാരണം ആരംഭിച്ചത്. പെരുന്നാളാശംസകൾ നേർന്നു കൊണ്ടായിരുന്നു തുടക്കം. കർഷക വാർഡിലെത്തിയപ്പോൾ അയ്യങ്കാളിയുടെ പ്രതിമയിൽ ഹാരാർപ്പണം നടത്തി. മൂലങ്കരയിലെത്തിയപ്പോൾ വിഷുക്കണി നൽകിയാണ് ജനങ്ങൾ സ്ഥാനാർഥിയെ സ്വീകരിച്ചത്. ചവറ എംഎൽഎ സുജിത് വിജയൻ പിള്ള സ്ഥാനാർഥിയെ അനുഗമിച്ചു.