കൃഷ്ണകുമാർ കുണ്ടറയിൽ പര്യടനം നടത്തി
1415815
Thursday, April 11, 2024 10:57 PM IST
കൊല്ലം: എന്ഡിഎ സ്ഥാനാര്ത്ഥി കൃഷ്ണകുമാര് കുണ്ടറ മണ്ഡലത്തിലെ വിവിധയിടങ്ങളില് പര്യടനം നടത്തി. പുലിയില ഭഗവാന് മുക്കില് നടന്ന സ്വീകരണ പരിപാടിയിലാണ് അദ്ദേഹം ആദ്യം പങ്കെടുത്തത്.
അവിടെനിന്ന് വട്ടവിള അഭിലാഷ് കോളനി സന്ദര്ശിക്കുകയും വീട്ടമ്മമാര് ഉള്പ്പെടെയുള്ളവരുടെ സ്വീകരണങ്ങള് ഏറ്റുവാങ്ങി വോട്ടഭ്യര്ഥിക്കുകയും ചെയ്തു. സാധാരണക്കാരുടെ ഇടയില് നിന്ന് വലിയ സ്വീകാര്യതയാണ് സ്ഥാനാര്ഥിക്ക് ലഭിക്കുന്നത്.
തുടര്ന്ന് അദ്ദേഹം മീയ്യണ്ണൂര് മഹാവിഷ്ണു ക്ഷേത്രം സന്ദര്ശിച്ചു. അവിടെനിന്ന് നെടുമ്പന 161-ാം നമ്പര് ബൂത്ത് കമ്മിറ്റി ഓഫീസ് സ്ഥാനാര്ഥി ഉദ്ഘാടനം ചെയ്തു. തുടര്ന്ന് പള്ളിമണ് ഹെല്ത്ത് സെന്ററിനടുത്തുള്ള വീടുകളിലെത്തി വോട്ടഭ്യര്ഥിച്ചു. മണ്ഡലത്തില് നടന്ന പ്രചരണ പരിപാടികള്ക്ക് മണ്ഡലം പ്രസിഡന്റ് ബൈജു മുഖത്തല, ജനറല് സെക്രട്ടറി സുരേഷ് ബാബു, പഞ്ചായത്ത്-ബൂത്ത് ഭാരവാഹികള് തുടങ്ങിയവര് നേതൃത്വം നല്കി.
പിന്നീട് സ്ഥാനാര്ഥി കൊല്ലത്തെ സാമൂഹിക പ്രവര്ത്തകൻ സലീമിന്റെ വസതി സന്ദര്ശിച്ച് ചെറിയ പെരുന്നാള് സല്ക്കാരത്തില് പങ്കെടുത്തു. മണ്ഡലത്തിലെ വിവിധയിടങ്ങളില് നടന്ന പെരുന്നാള് വിരുന്നുകളിലും സ്ഥാനാര്ഥി പങ്കാളിയായി.
പിന്നീട് ചവറ പരിമണം ദേവീക്ഷേത്ര ഓഡിറ്റോറിയത്തില് നടന്ന എന്ഡിഎ മണ്ഡലം കണ്വന്ഷനില് പങ്കെടുത്തു. തുടര്ന്ന് തൃക്കടവൂര് മണ്ഡലം കുരീപ്പുഴ ഡിവിഷനിലും കൊല്ലം മണ്ഡലം കടപ്പാക്കട ഡിവിഷനിലെ കുന്നേമുക്കില് നടന്ന കുടുംബ യോഗത്തിലും കൃഷ്ണകുമാര് പങ്കെടുത്തു.
കുടുംബയോഗങ്ങളില് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതിയും എന്ഡിഎ കൊല്ലം ലോക്സഭ ഇന് ചാര്ജും കെ. സോമനും സ്ഥാനാര്ഥിക്കൊപ്പമുണ്ടായിരുന്നു.