കുളത്തൂപ്പുഴ: കഴിഞ്ഞ ദിവസം തൃശൂര്‍ കുന്നംകുളം പാതയില്‍ മുണ്ടൂരിനു സമീപം ഉണ്ടായ കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലാായിരുന്ന ഗൃഹനാഥനും മരിച്ചു.
കുളത്തൂപ്പുഴ ചന്ദനക്കാവ് പള്ളിക്കിഴക്കതില്‍ മുഹമ്മദ് ഷെരീഫ് (71) ആണ് കഴിഞ്ഞ ദിവസം രാത്രിയോടെ മരണപ്പെട്ടത്. മുഹമ്മദ് ഷെരീഫും ഭാര്യ ഷെരീഫാ ബീവിയും ഭാര്യാസഹോദര പുത്രന് മുഹമ്മദ് ഫൈസലിനോടൊപ്പം കോഴിക്കോടേക്കുള്ള യാത്രാമധ്യേ ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് പാതയോരത്തെ മതിലിലിടിക്കുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് ഷെരീഫാ ബീവി സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടിരുന്നു. പരിക്കേറ്റ മുഹമ്മദ് ഷെരീഫിനെയും മുഹമ്മദ് ഫൈസലിനെയും നാട്ടുകാര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ മുഹമ്മദ് ഷെരീഫിനെ വൈകുന്നേരത്തോടെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകവെ വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് ഞായറാഴ്ച ഇന്‍ക്വസ്റ്റ് നടപടികളും പോസ്റ്റുമോര്‍ട്ടം പരിശോധനകളും പൂര്‍ത്തീകരിച്ച് രാത്രിയോടെ വീട്ടിലെത്തിച്ച ഇരുവരുടെയും മൃതദേഹങ്ങള്‍ കുളത്തൂപ്പുഴ മുസ്ലീം ജമാഅത്ത് ഖബര്‍സ്ഥാനില്‍ കബറടക്കി.