പോളച്ചിറ ഏല പുഞ്ച കൃഷിയിലേക്ക്; ഡിസംബറിൽ കൃഷിയിറക്കും
1460785
Saturday, October 12, 2024 5:50 AM IST
ചാത്തന്നൂർ: ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ ചിറക്കരയിലെ പോളച്ചിറ ഏലായിൽ ഇത്തവണ പുഞ്ച കൃഷിയിറക്കാൻ കർഷകരുടെ തീരുമാനം. വർഷങ്ങളായി കൃഷിമുടങ്ങിക്കിടക്കുന്ന പാടശേഖരത്തെ തരിശ് രഹിതമാക്കി വീണ്ടെടുക്കുകയാണ് ലക്ഷ്യം. ഡിസംബർ 15 നകം വിതയിറക്കാൻ കഴിഞ്ഞ ദിവസം ചേർന്ന പോളച്ചിറ ഏലാസമിതിയുടെ പൊതുയോഗമാണ് തീരുമാനിച്ചത്.
1500 ഏക്കറോളം വിസ്തൃതിയുള്ള പോളച്ചിറ പാടശേഖരത്തിലെ 200 ഏക്കറോളം സ്ഥലത്ത് നെൽകൃഷിയൊരുക്കാൻ പമ്പിംഗ് സബ്സിഡിക്ക് അനുമതി ലഭ്യമാക്കാനായി കൃഷിവകുപ്പിന്റെ ഉത്തരവിറങ്ങിയതോടെയാണ് കൃഷിക്ക് അനുകൂലമായ സാഹചര്യം ഉണ്ടായത്.
ചിറക്കര, മീനാട് വില്ലേജുകളിലായി വ്യാപിച്ച് കിടക്കുന്ന പോളച്ചിറ പാടശേഖരത്തെ ആലപ്പുഴ പുഞ്ച സ്പെഷൽ ഓഫീസിന്റെ പരിധിയിൽ ഉൾപ്പെടുത്തിയാണ് പമ്പിംഗ് സബ്സിഡി അനുവദിക്കുന്നത്.
നെൽകൃഷിയുടെ വിസ്തൃതി സംബന്ധിച്ച് കൃഷി ഓഫീസറും വില്ലേജ് ഓഫീസറും നൽകുന്ന വിത സർട്ടിഫിക്കറ്റിന്റേയും വിളവെടുപ്പ് സർട്ടിഫിക്കറ്റിന്റേയും അടിസ്ഥാനത്തിലാണ് പമ്പിംഗ് സബ്സിഡി അനുവദിക്കുക. നിലവിൽ ഏക്കറിന് 1800 രൂപ സബ്സിഡി ലഭിക്കും.
വെള്ളം വറ്റിക്കുന്നതിലെ സാമ്പത്തികച്ചെലവ് ലഘൂകരിക്കാൻ ഇതിലൂടെ കഴിയും. രണ്ട് മോട്ടോർ തറയും 150 എച്ച്പി മോട്ടോറുകളും അനുബന്ധ സൗകര്യങ്ങളും ഉണ്ടെങ്കിലും ഇവ പൂർണമായ തോതിൽ പ്രവർത്തിപ്പിക്കാൻ കഴിയാത്തതാണ് പോളച്ചിറയിൽ നെൽകൃഷി മുടങ്ങാൻ കാരണം.
പാടത്തെ വെള്ളം വറ്റിക്കുന്നതിനുള്ള പമ്പിംഗ് സബ്സിഡി ലഭിക്കുന്നതോടെ ഇതിന് ഒരു പരിധി വരെ പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. പമ്പിംഗ് സബ്സിഡി ലഭിക്കുന്നതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി ആലപ്പുഴ പുഞ്ച സ്പെഷൽ ഓഫീസിൽ നടക്കുന്ന ലേലത്തിൽ പോളച്ചിറ ഏലാസമിതിയെക്കൂടി ഉൾപ്പെടുത്താനുള്ള പൊതുയോഗ തീരുമാനവും അതിനായുള്ള അപേക്ഷയും അടുത്ത പ്രവർത്തി ദിവസം തന്നെ പുഞ്ച സ്പെഷൽ ഓഫീസിൽ നൽകും.
ഇതിനായി സമിതി സെക്രട്ടറി എസ്. സുനിൽ കുമാറിനെ ചുമതലപ്പെടുത്തി. ഇതോടൊപ്പം തെക്കേ പമ്പ് ഹൗസിലെ പമ്പിംഗ് സുഗമമാക്കും വിധം എക്കലും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യാനും തീരുമാനമായിട്ടുണ്ട്.
പമ്പ്ഹൗസിലെ വൈദ്യുതി കുടിശിക, വെള്ളം വറ്റിക്കുന്നതിന്റെ ഭാഗമായുള്ള ബണ്ട് നിർമാണം, ഷട്ടറിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ചിറക്കര ഗ്രാമപ്പഞ്ചായത്തിന്റെ സഹകരണത്തോടെ പൂർത്തിയാക്കാനും തീരുമാനിച്ചു.
ഇതിനായി പദ്ധതി വച്ച് ജില്ലാ ആസൂത്രണ സമിതിയുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഫണ്ട് ലഭ്യമാക്കാനാണ് ഗ്രാമപ്പഞ്ചായത്തിന്റെശ്രമം. ഇതിലേക്ക് ആവശ്യമായി വരുന്ന തുകയുടെ ഒരു ഭാഗം കർഷകരിൽ നിന്ന് കണ്ടെത്താനും പൊതുയോഗത്തിൽ തീരുമാനമായി. കൊല്ലം ജില്ലാപഞ്ചായത്തിന്റെ തരിശ് രഹിത കൃഷി പദ്ധതിയായ കതിർ മണിയിൽ ഉൾപ്പെടുത്തി കർഷകർക്ക് സബ്സിഡി ലഭ്യമാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
പദ്ധതി പ്രകാരം സ്വന്തമായി കൃഷി ഭൂമിയുള്ളവരും കൃഷി ചെയ്യുന്നവരുമായ കർഷകർക്ക് ഹെക്ടറിന് 40,000 രൂപ സബ്സിഡി ലഭിക്കും. സ്വന്തമായി നിലമില്ലാത്തതും കൃഷിയിറക്കുന്നവരുമായ കർഷകർക്ക് ഭൂഉടമയുടെ അഭാവത്തിൽ 35,000 രൂപ ലഭിക്കും.
വിളവെടുക്കുന്ന നെല്ല് കർഷകർക്ക് വില നൽകി ജില്ലാപഞ്ചായത്ത് ശേഖരിക്കും. ജി.എസ്. ജയലാൽ എംഎൽഎ, ചിറക്കര പഞ്ചായത്ത്, കൃഷിവകുപ്പ്, മൈനർ ഇറിഗേഷൻ വകുപ്പ്, കെഎസ്ഇബി ഉദ്യോഗസ്ഥർ, പോളച്ചിറ ഏലാസമിതി എന്നിവരുടെ കൂട്ടായ പരിശ്രമ ഭാഗമായാണ് പോളച്ചിറയിൽ പുഞ്ചകൃഷിക്ക് വഴിയൊരുക്കുന്നത്.
ചിറക്കര കൃഷിഭവനിൽ നടന്ന ഏലാ സമിതിയുടെ പൊതുയോഗത്തിൽ ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. സജില, വൈസ് പ്രസിഡന്റ് കെ. സുജയ്കുമാർ, പഞ്ചായത്ത് അംഗങ്ങളായ പി. സുചിത്ര, ദിലീപ് ഹരിദാസൻ, രജനീഷ്, കെ. സുരേന്ദ്രൻ, പോളച്ചിറ ഏലാ സമിതി പ്രസിഡന്റ് ഡി. സുധീന്ദ്ര ബാബു, സെക്രട്ടറി എസ്. സുനിൽകുമാർ, ട്രഷറർ കെ. രാമചന്ദ്രൻ, ജോ. സെക്രട്ടറി ബി. സന്തോഷ് ബാബു, കൃഷി ഓഫീസർ എസ്. ശിൽപ്പ തുടങ്ങിയവർ പ്രസംഗിച്ചു.