പെരുനാട് പാതയില്‍ രാത്രിയാത്രക്കാരെ ഓടിച്ചു തെരുവുനായക്കൂട്ടം
1224215
Saturday, September 24, 2022 11:12 PM IST
റാന്നി: വടശേരിക്കര-പെരുനാട് ശബരിമല പാതയില്‍ ചെമ്പോണ്‍ മേഖലയില്‍ രാത്രികാലങ്ങളില്‍ തെരുവുനായ ആക്രമണം രൂക്ഷമായി. കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍നിന്നു ജോലി കഴിഞ്ഞു ഇരുചക്ര വാഹനത്തില്‍ വീട്ടിലേക്കു വരികയായിരുന്ന യുവാവിനൊപ്പം അര കിലോമീറ്ററോളം തെരുവുനായ ഓടി. വാഹനത്തില്‍ ഇരുകാലുകളും ഉയര്‍ത്തിയാണ് ഓടിച്ചത്. അപകടത്തില്‍നിന്നു തലനാരിഴയ്ക്കാണ് യുവാവ് രക്ഷപ്പെട്ടത്.
ചെമ്പോണ്‍ മുതല്‍ ഏതാണ്ട് മാടമണ്‍ വരെ ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ രാത്രിയില്‍ ഇരുകാലുകളും ഉയര്‍ത്തി മാത്രമേ യാത്ര ചെയ്യാനാകുകയുള്ളൂവെന്ന അവസ്ഥയിലാണ്.
പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ പകല്‍ സമയത്തുപോലും യാത്ര ദുഷ്കരമാണെന്നിരിക്കെയാണ് രാത്രികാലങ്ങളിലെ തെരുവുനായ ആക്രമണം. സമീപത്തെ കള്ളുഷാപ്പിനോടും ചിക്കന്‍ സെന്ററിനോടും ചേര്‍ന്നു വിഹരിക്കുന്ന തെരുവുനായ്ക്കള്‍ നിരന്തരം ശല്യം ചെയ്യാറുണ്ടെന്ന നിരവധി പരാതികളും ഉയരുന്നുണ്ട്.
പെരുനാട്ടില്‍ അഭിരാമി എന്ന ബാലിക തെരുവുനായയുടെ കടിയേറ്റു മരണപ്പെട്ട സംഭവം നടന്ന പ്രദേശങ്ങളില്‍ പോലും ഇപ്പോഴും നിരവധി തെരുവുനായ്ക്കള്‍ വിഹരിക്കുകയാണ്. ആക്രമണകാരികളായ തെരുവുനായ്ക്കളെ പ്രദേശത്തുനിന്നു നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മാടമണ്‍ പോലുള്ള പ്രദേശങ്ങളില്‍നിന്നു വടശേരിക്കരയിലേക്കു സ്കൂളുകളിലേയ്ക്കും മറ്റും നടന്നു പോകുന്ന പ്രധാന പാതയിലാണ് ഇത്തരത്തില്‍ തെരുവുനായ ആക്രമണം രൂക്ഷമായിരിക്കുന്നത്.