പത്തനംതിട്ട: ദേശീയപാത 183 എ ഭരണിക്കാവ്-മുണ്ടക്കയം റോഡിന്റെ സ്ഥലം ഏറ്റെടുപ്പ് സർവേ പൂർത്തിയാകുന്നു. അടുത്തമാസം പകുതിയോടെ റിപ്പോർട്ട് ദേശീയപാത അഥോറിറ്റിക്കു സമർപ്പിക്കും.
ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ സർവേനമ്പരും റവന്യൂസ്കെച്ചും പരിശോധിച്ച് ഗസറ്റ് വിജ്ഞാപനം ചെയ്യുന്നതാണ് അടുത്തഘട്ടം. രണ്ടു മാസത്തിനുള്ള അതും പൂർത്തിയാകും.
മുംബൈ ആസ്ഥാനമായ സ്റ്റുപ് കൺസൾട്ടൻസാണ് സർവേ നടത്തുന്നത്. ഒരു വർഷത്തിനുള്ളിൽ സ്ഥലം ഏറ്റെടുത്തു മൂന്നുവർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ള റോഡ് 16 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതാണ് പദ്ധതി.
വീതി 16 മീറ്ററിലൊതുങ്ങും
ദേശീയപാത സ്ഥലമേറ്റെടുപ്പ് വിവാദമായതിനെത്തുടർന്നു റോഡിന്റെ വീതി 16 മീറ്ററിൽ ഒതുക്കാനാണ് തീരുമാനം. ബൈപാസുകൾ പരമാവധി വികസിപ്പിച്ച് പാത പൂർത്തീകരിക്കുകയാണ് ലക്ഷ്യം. നിലവിലുള്ള പാത 16 മീറ്ററിൽ രണ്ടുവരിയായിട്ടായിരിക്കും നിർമിക്കുക.
ജനവാസകേന്ദ്രങ്ങളിലെ സ്ഥലം ഏറ്റെടുക്കുമ്പോഴുണ്ടാകുന്ന പരാതികൾ സമയബന്ധിതമായി പരിഹരിക്കും. കാര്യമായ എതിർപ്പുകളൊന്നുമില്ലാതെയാണ് സർവേ നടക്കുന്നത്. വീടുകളും കെട്ടിടങ്ങളും ഒഴിവാക്കിയായിരിക്കും നിർമാണം.
കടമ്പനാട്ട് അലൈൻമെന്റിൽ മാറ്റം
ദേശീയപാത വികസനത്തിന്റെ ഭാഗമായുളള അലൈൻമെന്റിൽ കടമ്പനാട് ഭാഗത്ത് മാറ്റം വരുത്തി. കടമ്പനാട് മുതൽ തുവയൂർ ജംഗ്ഷൻ വരെയുള്ള വളവുകൾ ഒഴിവാക്കി.
പകരം കടമ്പനാട് ജംഗ്ഷനു കിഴക്ക് ഷാപ്പ് മുക്കിൽ നിന്നു തുടങ്ങി കീഴൂട്ട്കാവ് ക്ഷേത്രത്തിനു സമീപത്തെ കൃഷി സ്ഥലം, കെഐപി മെയിൻ കനാലിന്റെ കിഴക്ക് ഭാഗം, തുവയൂർ ജംഗ്ഷൻ ഭാഗങ്ങളിലൂടെയാണ് പുതിയ സർവേ നടത്തിയത്. വളവുകളും വീടുകളും കെട്ടിടങ്ങളും ഒഴിവാക്കാനാണിത്.
അടൂർ, തട്ട, കൈപ്പട്ടൂർ, ഓമല്ലൂർ, പത്തനംതിട്ട, മൈലപ്ര, മണ്ണാറക്കുളഞ്ഞി, വടശേരിക്കര, പെരുനാട്, ളാഹ, പ്ലാപ്പള്ളി, കണമല, എരുമേലി, പുലിക്കുന്ന് വഴിയാണ് ദേശീയപാത മുണ്ടക്കയത്തു ചേരുന്നത്.
ബൈപാസുകൾ
ഭരണിക്കാവ്-മുണ്ടക്കയം പാത കടന്നുപോകുന്ന പ്രധാന ജംഗ്ഷനുകളിൽ ബൈപാസുകൾക്കുള്ള നിർദേശം ഏറെക്കുറെ അംഗീകരിച്ചു. ബൈപാസുകൾ 30 മീറ്റർ വീതിയിൽ നാലുവരി പാതയായിരിക്കും.
കടമ്പനാട്, അടൂർ, കൈപ്പട്ടൂർ, പത്തനംതിട്ട, മുക്കൂട്ടുതറ, കരുതലം, മുണ്ടക്കയം എന്നിവിടങ്ങളിൽ ബൈപാസുകളായിരിക്കും നിർമിക്കുക.
കൈപ്പട്ടൂരിൽ നിന്നാരംഭിക്കുന്ന ബൈപാസ് പത്തനംതിട്ട റിംഗ് റോഡിൽ പ്രവേശിച്ച് മൈലപ്രയ്ക്കു സമീപമെത്തിക്കാനാണ് നിർദേശം. 116 കിലോമീറ്ററാണ് നിർദിഷ്ട പാതയുടെ ദൈർഘ്യം.