ജനജാഗ്രതാ കാന്പയിനുമായി എസ്ഡിപിഐ
1459638
Tuesday, October 8, 2024 6:23 AM IST
പത്തനംതിട്ട: ആഭ്യന്തരവകുപ്പിലെ ആർഎസ്എസ് വത്കരണത്തിനെതിരേ ജില്ലയിൽ ജനജാഗ്രതാ കാന്പെയിൻ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ ജില്ലാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പിണറായി - പോലീസ് - ആർഎസ്എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന പ്രമേയത്തിൽ 25 വരെ പാർട്ടി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കാന്പെയിന്റെ ഭാഗമായാണ് ജില്ലയിലും പരിപാടി നടത്തുക.
കാന്പയിന്റെ ജില്ലാതല ഉദ്ഘാടനം പത്തിന് ഉച്ചകഴിഞ്ഞ് 3.30ന് പന്തളത്ത് സംസ്ഥാന സെക്രട്ടേറിയറ്റംഗം അൻസാരി ഏനാത്ത് നിർവഹിക്കും. ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലും കാന്പെയിന്റെ ഭാഗമായി വാഹനജാഥകൾ, പൊതുയോഗങ്ങൾ, സോഷ്യൽ മീഡിയ പ്രചാരണം, ടേബിൾ ടോക്ക്, ഭവന സന്ദർശനം, പദയാത്രകൾ, ലഘുലേഖ വിതരണം തുടങ്ങിയ വിവിധങ്ങളായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും.
നിയോജക മണ്ഡലം പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ എല്ലാ മണ്ഡലങ്ങളിലും 10 മുതൽ 19 വരെ വാഹന പ്രചാരണ ജാഥകൾ നടത്തും. ജില്ലാ പ്രസിഡന്റ് എസ്. മുഹമ്മദ് അനീഷ്, വൈസ് പ്രസിഡന്റ് ബിനു ജോർജ്, ജനറൽ സെക്രട്ടറി ഷാജി പഴകുളം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.