കളിക്കളം ആകട്ടെ ലഹരി; കേരള കോൺ-എം കായികമത്സരങ്ങൾ എട്ടുമുതൽ
1547662
Sunday, May 4, 2025 3:47 AM IST
പത്തനംതിട്ട: കളിക്കളം ആകട്ടെ ലഹരി എന്ന മുദ്രാവാക്യവുമായി രാസലഹരി വ്യാപനത്തിനെതിരേ ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലും മധ്യ വേനൽ അവധിക്കാലത്ത് കേരള കോൺഗ്രസ് -എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കായിക മൽസരങ്ങൾ നടത്തുമെന്ന് ജില്ല പ്രസിഡന്റ് സജി അലക്സ് പത്രസമ്മേളനത്തിൽ പറഞ്ഞു.
കുട്ടികളും യുവാക്കളും മയക്കുമരുന്നിന് അടിമകളാകുന്നത് തടയുക എന്നതാണ് ലക്ഷ്യം . എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് ഫുട്ബോൾ മൽസരം മന്നൻകരചിറ അബുദാബി ടർഫിലും 13ന് മൂന്നിന് ഓമല്ലൂർ എൻടിഎൽ സ്പോർട്സിൽ ക്രിക്കറ്റ് മത്സരവും 15ന് രാവിലെ 10ന് പന്തളം ഹോളിസ്റ്റിക് സെന്ററിൽ ചെസ് മത്സരവും സംഘടിപ്പിക്കും.
23ന് മൂന്നു മുതൽ കീക്കൊഴൂർ ഇലഞ്ഞിക്കൽ സ്പോർട്സ് അരീനയിൽ ഷട്ടിൽ ബാഡ്മിന്റൺ മത്സരവും 27 ന് മൂന്നിന് പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ വോളിബോൾ മത്സരവും ഇതിന്റെ ഭാഗമായി നടത്തും.
29ന് ഉച്ചകഴിഞ്ഞ് മൂന്നിന് സംസ്ഥാന എക്സൈസ് ജില്ലാ ടീമും കേരള കോൺഗ്രസ് - എം ജില്ലാ ടീമും തമ്മിൽ തിരുവല്ല മാർത്തോമ്മ കോളജ് ഗ്രൗണ്ടിൽ സൗഹൃദ ഫുട്ബോൾ മത്സരം നടക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വീണാ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എംഎൽഎമാരായ പ്രമോദ് നാരായൺ, മാത്യു ടി. തോമസ് ,
കെ.യു.ജനീഷ് കുമാർ, സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, കളക്ടർ എസ്. പ്രേം കൃഷ്ണൻ, ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാർ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി അലക്സ്എന്നിവർ വിവിധ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും.
ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ, കൺവീനർ സോമൻ താമരച്ചാലിൽ, ജോയിന്റ് കൺവീന റിന്റോ തോപ്പിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.