സ്വകാര്യബസിൽനിന്നു വിദ്യാർഥി പുറത്തേക്ക് തെറിച്ചുവീണു
1568524
Thursday, June 19, 2025 3:21 AM IST
തിരുവല്ല: പൊടിയാടിയിൽ ബസിന്റെ വാതിൽപ്പടിയിൽ നിന്നും വീണു വിദ്യാർഥിക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 8.30 ഓടെ പൊടിയാടി ജംഗ്ഷനിലായിരുന്നു സംഭവം. സ്റ്റോപ്പിൽ നിർത്തിയ ശേഷം ബസ് പുറപ്പെടാൻ തുടങ്ങവേ കുട്ടി പിൻവശത്ത് നിന്നും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.
തിരുവല്ല- മാവേലിക്കര റൂട്ടിലോടുന്ന രഘുമോൻ എന്ന സ്വകാര്യബസിൽ നിന്നാണ് വിദ്യാർഥി തെറിച്ചു വീണത്. സംഭവത്തിനുശേഷം നിർത്താതെ പോയ ബസ് പിന്നാലെ കാറിൽ എത്തിയ യാത്രക്കാർ കാവുംഭാഗം ജംഗ്ഷനിൽ തടഞ്ഞുനിർത്തി വിവരം അറിയിക്കുകയായിരുന്നു. എന്നാൽ തങ്ങളുടെ ബസിൽ നിന്നും ആരും താഴേക്ക് വീണില്ലെന്നു പറഞ്ഞു ജീവനക്കാർ യാത്രക്കാരോടു തട്ടിക്കയറി.
തുടർന്ന് നാട്ടുകാരും ബസ് ജീവനക്കാരും തമ്മിൽ തർക്കം ഉണ്ടായി. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്നു ദൃക്സാക്ഷികൾ പറഞ്ഞു. വാതിൽ അടയ്ക്കാതെ ബസ് മുന്നോട്ടെടുത്തതാണ് അപകടകാരണം. നാട്ടുകാർ തടഞ്ഞിട്ട ബസിന്റെ യാത്ര മുടങ്ങാതിരിക്കാൻ പോലീസ് ഇടപെട്ട് ബസ് വിട്ടയച്ചു.