മലയോരമേഖലയിൽ മഴക്കാല രോഗവ്യാപനസാധ്യത
1568538
Thursday, June 19, 2025 3:44 AM IST
റാന്നി: തുടർച്ചയായ മഴയും വെള്ളക്കെട്ടും കാരണം മലയോരത്ത് പകർച്ച വ്യാധികളുടെ വ്യാപന സാധ്യതയേറി. കൊതുക്, എലി തുടങ്ങിയവയിലൂടെ ഡെങ്കി, എലിപ്പനി ഉൾപ്പെടെയുള്ള രോഗങ്ങളുടെ ഭീഷണി നിലനിൽക്കുകയാണ്.
ഇത്തവണ മുൻ വർഷത്തെ അപേക്ഷിച്ച് വൻ തോതിലാണ് കൊതുകു വ്യാപനം. ഡെങ്കി വ്യാപനവും കൂടുതലാണ്. കൊതുകുകളുടെ ബാഹുല്യം നിമിത്തം നശിപ്പിക്കാനോ പ്രതിരോധിക്കാനോ കഴിയാത്ത അവസ്ഥയിലാണ് പലരും.
വൻകിട തോട്ടമുടമകൾ പലരും ചെറുതും വലുതുമായ ഏരിയകൾ കൈതക്കൃഷിക്കായി വിട്ടുകൊടുത്തിരിക്കുകയാണ്. ജനവാസ മേഖലകൾക്കു സമീപവും ചുറ്റിലും മിക്ക ഭാഗങ്ങളിലും കൈതക്കൃഷി വ്യാപകമായതോടെ കൊതുകുകളും എലികളും വർധിച്ചു.
കൈതച്ചെടിയിലേക്ക് വീഴുന്ന മഴവെള്ളം താഴാതെ അതേപടി നിൽക്കുന്നതിനാൽ ഒരു കൈതച്ചെടിക്കുള്ളിൽ നിന്നു പോലും കൊതുകുകളുടെ വ്യാപനം വേഗത്തിലാക്കുന്നു.
ശുദ്ധജലത്തിൽ മുട്ടയിട്ടു പെരുകുന്ന ഈഡിസ് വിഭാഗത്തിൽപെട്ട കൊതുകുകളാണ് ഡെങ്കി പോലെയുള്ള മാരകരോഗങ്ങൾ പരത്തുന്നത്. ടാപ്പിംഗ് നിലച്ച റബർ തോട്ടങ്ങളിലെ ചിരട്ടകളിലും കാടുകൾ തെളിക്കാത്തതും കൊതുകുകളുടെ വളർച്ചയ്ക്കു സഹായകരമാണ്.