ഇലവുംതിട്ടയിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി
1568243
Wednesday, June 18, 2025 2:49 AM IST
പത്തനംതിട്ട: നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. കുഞ്ഞിന്റെ അമ്മയെന്നു കരുതുന്ന യുവതി പോലീസ് നിരീക്ഷണത്തിൽ. മെഴുവേലി ആലക്കോട് കനാലിന് സമീപമുള്ള പറമ്പില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടത്. ചികില്‍സ തേടി ചെങ്ങന്നൂര്‍ ഉഷാ നഴ്സിംഗ് ഹോമില്‍ ചെന്ന അവിവാഹിതയില്‍ നിന്ന് കിട്ടിയ വിവരം അനുസരിച്ച് ഇലവുംതിട്ട പോലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു മൂന്നുദിവസത്തെ പഴക്കമെങ്കിലുമുണ്ട്.
ഇരുപത്തൊന്നു വയസുകാരിയാണ് വീട്ടില്‍ പ്രസവിച്ചത്. വീട്ടില്‍ പ്രസവിച്ചതിന്റെ അസ്വസ്ഥത കാരണം യുവതി ആദ്യം കിടങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. യുവതി പ്രസവിച്ചതാണെന്ന് മനസിലാക്കിയ ആശുപത്രി അധികൃതര്‍ ഇവിടെ പ്രവേശിപ്പിക്കാതെ പറഞ്ഞു വിട്ടു. തുടര്‍ന്നാണ് ചെങ്ങന്നൂര്‍ അങ്ങാടിക്കലിലുള്ള ഉഷ നഴ്സിംഗ് ഹോമില്‍ എത്തി.
പ്രസവലക്ഷണങ്ങൾ കണ്ടതോടെ കുഞ്ഞ് എവിടെയെന്നു ഡോക്ടർ തിരക്കി, യുവതി വ്യക്തമായ മറുപടി നൽകാതെ വന്നപ്പോൾ പോലീസിൽ അറിയിക്കുകയായിരുന്നു.
ഇലവുംതിട്ട പോലീസ് നടത്തിയ തെരച്ചിലില്‍ തൊട്ടടുത്ത പറമ്പില്‍ പുല്ലിനിടയില്‍ നിന്ന് പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇലവുംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ വിനോദ് കൃഷ്ണന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. യുവതി ആശുപത്രിയില്‍ ചികില്‍സയിലാണ്