ഇസ്രയേൽ - ഇറാൻ സംഘർഷത്തിന്റെ ആശങ്ക പ്രവാസി കുടുംബങ്ങളിലും
1568241
Wednesday, June 18, 2025 2:49 AM IST
കോഴഞ്ചേരി: ഇസ്രയേല്‍ - ഇറാന് സംഘര്‍ഷത്തിന്റെ ആശങ്കയിലും പ്രാർഥനയിലുമാണ് മധ്യതിരുവിതാംകൂറിലെ നിരവധി കുടുംബങ്ങൾ. പുല്ലാട്, - കോഴഞ്ചേരി, കുമ്പനാട്, ആറന്മുള, ആറാട്ടുപുഴ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി ആളുകളാണ് ഇസ്രയേലിലും മറ്റുമുള്ളത്. ആതുര സേവന രംഗത്താണ് ബഹുഭൂരിപക്ഷം ആളുകളും ജോലി ചെയ്യുന്നത്.
പുല്ലാട് സ്വദേശികളായ നിരവധിയാളുകള്‍ ഇസ്രയേലിലെ ടെല്‍ അവീവ്, ടെല്‍ഹി എന്നിവിടങ്ങളിലുണ്ട്. ഇവരെല്ലാം സുരക്ഷിതരാണെന്നാണ് ബന്ധുക്കൾക്കു ലഭിച്ച വിവരം. അടിയന്തര ഘട്ടങ്ങളിൽ ബങ്കറുകളിലേക്ക് മാറേണ്ട സാഹചര്യമുണ്ടെന്നും ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെയും ഫോണില്‍ വിളിച്ചെന്നും സുരക്ഷിതരാണെന്നും എന്നാല്‍ പുറത്തിറങ്ങരുതെന്ന മുന്നറിയിപ്പുണ്ടെന്നും ടെല്‍ അവീവിൽ ജോലി ചെയ്യുന്ന പുല്ലാട് സ്വദേശിനിയുടെ മാതാവ് പറഞ്ഞു.
യുദ്ധത്തിന്റെയും മിസൈല്‍ ആക്രമണത്തിന്റെയും ദൃശ്യങ്ങള്‍ മാധ്യമങ്ങളിൽ കാണുന്പോൾ ആകുലതകളുണ്ടെങ്കിലും ഫോണിലൂടെ അവിടെയുള്ളവരെ ലഭിക്കുന്നതാണ് ബന്ധുക്കൾക്ക് ഏക ആശ്വാസം.